തദ്ദേശ തെരഞ്ഞെടുപ്പ് ; ആഗസ്ത് 7വരെ വോട്ടർപ്പട്ടികയിൽ പേരുചേർക്കാം #Election
By
Editor
on
ജൂലൈ 27, 2025
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ആഗസ്‌ത് ഏഴുവരെ പേരു ചേർക്കാനും തിരുത്താനും അവസരം. 2025 ജനുവരി ഒന്നിനകം 18 വയസ്സ് പൂർത്തിയായവർക്ക് പേര് ചേർക്കാം. കരട് വോട്ടർപ്പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പു കമീഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പേരു ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്-സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം. ഹിയറിങ് തീയതിയിൽ നേരിട്ട് ഹാജരാകണം. പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങളും ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
അപേക്ഷയുടെ പ്രിന്റൗട്ടിൽ അപേക്ഷകനും വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെ നിർദ്ദിഷ്ട ഫോറത്തിലും അപേക്ഷിക്കാം. പഞ്ചായത്തിലും നഗരസഭയിലും സെക്രട്ടറിയും കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ.
വാടകയ്‌ക്ക് താമസിക്കുന്നവർക്ക് ആറുമാസത്തിൽ കൂടുതലുള്ള വാടകക്കരാർ, ഒരു വർഷത്തിൽ ഏറെയുള്ള എൽപിജി കണക്‌ഷൻ എന്നിവ രേഖയായി ഉപയോഗിക്കാം.
കരട് വോട്ടർപട്ടിക കാണാൻ https://www.sec.kerala.gov.in/public/voters/list എന്ന ലിങ്ക് സന്ദർശിക്കാം.
https://sec.kerala.gov.in/rfs/search/index എന്ന ലിങ്കിൽ വോട്ടർ ഐഡി നമ്പർ നൽകി സെർച്ച് ചെയ്യാം.
ഓൺലൈൻ നടപടിക്രമങ്ങൾ
www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ Sign In പേജിലെ Citizen Registration വഴി പേരും മൊബൈൽ നമ്പരും പാസ്‌വേഡും നൽകി പ്രൊഫൈൽ ഉണ്ടാക്കാം. ഒടിപി ഓഥന്റിക്കേഷൻ നടന്ന മൊബൈൽ നമ്പരാണ് ലോഗിൻ ചെയ്യാനുള്ള യൂസർനെയിം. യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യണം. പ്രൊഫൈലിൽ ഫോം 4, ഫോം 5, ഫോം 6, ഫോം 7 എന്നിവയിൽ അപേക്ഷിക്കാം.
▪️ഫോം 4: ആദ്യമായി പേര് ചേർക്കുന്നതിനും കേരളത്തിൽ എവിടെയെങ്കിലും നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ വിവരം നൽകി മറ്റൊരു തദ്ദേശസ്ഥാപനത്തിലേക്ക് മാറ്റുന്നതിനുമാണിത്.
▪️ഫോം 5: വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിലുള്ള/ നിലവിലെ വോട്ടറുടെ പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപം സമർപ്പിക്കാൻ.
▪️ഫോം 6: നിലവിൽ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ തിരുത്തുന്നതിന്.
▪️ഫോം 7: തദ്ദേശ സ്ഥാപനത്തിലെ ഒരു വാർഡിൽനിന്ന് മറ്റൊരു വാർഡിലേക്കോ വാർഡിലെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്കോ മാറുന്നതിന്.
പ്രവാസികൾക്ക് Pravasi Additions എന്ന ഭാഗത്ത് ക്ലിക്ക് ചെയ്‌ത് പാസ്‌പോർട്ട് വിവരങ്ങൾ നൽകി അപേക്ഷിക്കാം.