39 വർഷം മുൻപ് കൊലപാതകം നടത്തിയെന്ന പ്രതിയുടെ കുറ്റസമ്മതത്തിൽ അന്വേഷണം ഊർജിതമാക്കി തിരുവമ്പാടി പൊലീസ്. മലപ്പുറം വേങ്ങര സ്റ്റേഷനിലാണ് മുഹമ്മദലി കുറ്റസമ്മതം നടത്തിയത്. കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ താൻ കൊന്നതാണെന്നാണ് മുഹമ്മദലിയുടെ കുറ്റസമ്മതം. ശാരീരികമായി ഉപദ്രവിച്ചപ്പോൾ ചവിട്ടിയതാണെന്നും കൊല്ലണമെന്ന് ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു. മരിച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
1986ലാണ് സംഭവം നടന്നത്. തന്നെ ശാരീരികമായി ഉപദ്രവിച്ചതിനെ തുടർന്ന് മുഹമ്മദലി ഒരാളെ ചവിട്ടി. ആ ആൾ തോട്ടിൽ വീണു. രണ്ടു ദിവസം കഴിഞ്ഞ് മുഹമ്മദലി അറിയുന്നത് ഇയാൾ മരിച്ചു എന്നാണ്.പിന്നീട് മുഹമ്മദലി ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ വേങ്ങര പോലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ തിരുവമ്പാടി പൊലീസിന്കൈമാറുകയായിരുന്നു.
കൂടരഞ്ഞിയിലെ തോട്ടിനടുത്ത് പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. അന്ന് ഒരാൾ തോട്ടിൽ വീണു മരിച്ചിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെയും ആ വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ശ്വാസകോശത്തിൽ വെള്ളം കയറിയുള്ള മരണമെന്നാണ് അന്നത്തെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ. അസ്വാഭാവിക മരണത്തിനായിരുന്നു അന്ന് പോലീസ് കേസെടുത്തത്.