വില്പനക്ക് വേണ്ടി പഴകിയ കോഴിയിറച്ചി: 300 കിലോ കൈയ്യോടെ പൊക്കി നാട്ടുകാർ #food_safety
കടയ്ക്കൽ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 300 കിലോ പഴകിയ കോഴിയിറച്ചി നാട്ടുകാർ പിടികൂടി. കിഴക്കൻ മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും വിതരണം ചെയ്യാനായി എത്തിച്ചതാണെന്നാണ് നിഗമനം.
തിരുവനന്തപുരം കുമ്മിളിൽവെച്ചാണ് നാട്ടുകാർ ഇറച്ചി കൊണ്ടുവന്ന വാഹനം പിടികൂടിയത്. കുമ്മിൾ ടൗണിനു സമീപത്തുകൂടി പോയ ഓട്ടോയിൽനിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പഴകിയ ഇറച്ചിയാണെന്നു കണ്ടതിനെത്തുടർന്ന് കടയ്ക്കൽ പോലീസിനെയും കുമ്മിൾ പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കുകയായിരുന്നു.
രേഖകളൊന്നുമില്ലാത്ത വാഹനത്തിൽ സുരക്ഷാക്രമീകരണങ്ങളില്ലാതെ മാംസം പെട്ടികളിൽ വാരി കൂട്ടിയിട്ടനിലയിലായിരുന്നു.പിടിച്ചെടുത്ത മാംസം പിന്നീട് കുഴിച്ചുമൂടി.