• യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ. ഇതുസംബന്ധിച്ച വിവരം ലഭിച്ചെന്നും
മോചനം സംബന്ധിച്ച തുടർ ചർച്ചകൾ നടക്കുമെന്നും കാന്തപുരം എ പി അബൂബക്കർ
മുസലിയാർ അറിയിച്ചു.
• ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പ്രത്യേക തീവ്ര
പരിഷ്കരണത്തിന് (SIR) തുടർച്ചയായി പുറത്തിറക്കാനിരിക്കുന്ന കരട് വോട്ടർ
പട്ടിക പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി.
• കെ ഫോൺ നെറ്റ്‍വർക്കിൽ
വേഗതക്കുറവുണ്ടെന്നും സർക്കാർ വകുപ്പുകൾ മറ്റ് സേവനദാതാക്കളിലേക്ക് മാറാൻ
അനുമതി തേടുന്നു എന്നുമുള്ള മനോരമ വാർത്തയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി
അധികൃതർ.
• സംസ്ഥാനത്ത് കാൻസർ പ്രതിരോധത്തിന് സുപ്രധാന നീക്കവുമായി
ആരോഗ്യവകുപ്പ്. ഗർഭാശയഗള (സെർവിക്കൽ) കാൻസർ പ്രതിരോധത്തിനായി പ്ലസ് വൺ,
പ്ലസ് ടു വിദ്യാർഥിനികൾക്ക് എച്ച്പിവി വാക്‌സിനേഷൻ ആരംഭിക്കുമെന്ന്
ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
• തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ശേഷം പേര് ഉൾപ്പെടുത്താൻ ഇതുവരെ ലഭിച്ചത് 2,54,028 അപേക്ഷ. തിരുത്തലിന് 2281 അപേക്ഷയും സ്ഥാനംമാറ്റാൻ 15753 അപേക്ഷയും ലഭിച്ചു.
• പത്തുവർഷം മുമ്പ് നിരവധി സ്ത്രീകളെ കൊന്നു കുഴിച്ചിട്ടെന്ന്
വെളിപ്പെടുത്തിയ സാക്ഷിയുമായി പ്രത്യേക അന്വേഷക സംഘം ധർമസ്ഥലയിലെത്തി.
കുഴിച്ചിട്ടുവെന്ന് ഇയാൾ അവകാശപ്പെടുന്ന നേത്രാവതി കുളിക്കടവിന് സമീപം 15
സ്ഥലങ്ങൾ സംഘം അടയാളപ്പെടുത്തി.
• ഒമാനിൽ പിഴയില്ലാതെ വിസ പുതുക്കൽ ആനുകൂല്യം 2025 ഡിസംബർ 31 വരെ
നീട്ടികൊണ്ട് തൊഴിൽ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ജൂലൈ 31 ന്
അവസാനിക്കും എന്നതായിരുന്നു നേരെത്തെ അറിയിച്ചത്.