തിരുവോണം ബമ്പർ വിപണിയിൽ; ഒന്നാം സമ്മാനം 25 കോടി #kerala_lottery

 
തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ഭാഗ്യക്കുറി വിപണിയിൽ എത്തി. 25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യക്കുറി ടിക്കറ്റിന് 500 രൂപയാണ് വില. സെപ്റ്റംബർ 27ന് ബമ്പറിന്റെ നറുക്കെടുപ്പ് നടക്കും.

സംസ്ഥാന ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ ടിക്കറ്റ് പ്രകാശനം ചെയ്തു. ആയിരക്കണക്കിന് ഭാഗ്യശാലികളെ സൃഷ്ടിക്കുന്ന സംസ്ഥാന ഭാഗ്യക്കുറി ഒരു ലക്ഷത്തോളം പാവങ്ങളുടെ ജീവിത മാർഗവും അത്താണിയുമാണെന്നും നടത്തിപ്പിലെ സുതാര്യതയും വിശ്വാസ്യതയുമാണ് കേരള ഭാഗ്യക്കുറിയെ ഇത്രയേറെ ജനകീയമാക്കിയതെന്നും മന്ത്രി പറഞ്ഞു.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ വലിയ പ്രത്യേകത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നുമുണ്ട്.

ആൻ്റണി രാജു എം എൽ എ അധ്യക്ഷനായ ചടങ്ങിൽ വി കെ പ്രശാന്ത് എം എൽ എ യും പങ്കെടുത്തു. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ സ്വാഗതം പറഞ്ഞു. ലോട്ടറി വെൽഫെയർ ബോർഡ് ചെയർമാൻ ടി ബി സുബൈർ, ഭാഗ്യക്കുറി വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും സംബന്ധിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0