ബീജിങ്: ചൈനയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നേറ്റം. ചൈനീസ് കമ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുത്തവരുടെ എണ്ണം 10 കോടി കവിഞ്ഞു. 1921ൽ ആണ് പാർടി നിലവില്‍ വന്നത്. 2024 അവസാനത്തോടെ 10.027 കോടി അംഗങ്ങളുണ്ടെന്നാണ് സിപിസിയുടെ സെൻട്രൽ ഓർഗനൈസേഷൻ ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നത്. 2023നെ അപേക്ഷിച്ച് അംഗത്വത്തിൽ ഏകദേശം 10.90 ലക്ഷത്തിന്റെ വർധനവ് ഉണ്ട്. ജൂലൈ ഒന്നിന് പാർടി സ്ഥാപക ദിനാഘോഷങ്ങൾക്കു മുന്നോടിയായാണ് അംഗത്വവിവരം പുറത്തിറക്കിയത്.
പാർടി അംഗങ്ങളിൽ 30.9 ശതമാനം (3.10 കോടി) വനിതകളാണ്. 33 ശതമാനവും തൊഴിലാളികളും കർഷകരുമാണ്. 2.14 കോടി പേർ അംഗത്വത്തിനായി അപേക്ഷിച്ചിരിക്കുകയാണ്. കർശന മാനദണ്ഡങ്ങൾ പാലിച്ചും പരിശോധന നടത്തിയുമാണ് അംഗത്വം നൽകുന്നത്. അംഗങ്ങൾ ശമ്പളത്തിന്റെ രണ്ടു ശതമാനം അംഗത്വ ഫീസായി പാർടിഫണ്ടിലേക്ക് നൽകുകയും വേണം.