ചൂരല്‍മല: വയനാട് ചൂരല്‍മല ബെയ്‌ലി പാലത്തിന്റെ സംരക്ഷണ ഭിത്തിയില്‍ വിള്ളല്‍ രൂപപ്പെട്ടു. പാലത്തിന്റെ തൂണുകള്‍ക്ക് താഴെ ഉള്ള മണ്ണ് ശക്തമായ ഒഴുക്കില്‍ ഒലിച്ചു പോയി. ഒലിച്ചുപോയ ഭാഗത്ത് മണ്ണ്‍ ഇടാനുള്ള പ്രവര്‍ത്തി നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
ശക്തിയാര്‍ജിച്ച മഴയില്‍ പുഴയില്‍ നീരൊഴുക്ക് കൂടുതലായിരുന്നു, തുടര്‍ന്നാണ് സംരക്ഷണ ഭിത്തിയില്‍ വിള്ളല്‍ കണ്ടെത്തിയത്. ബെയ്‌ലി പാലം വഴി മുണ്ടക്കയത്തെക്കുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്.
ചൂരല്‍മല -മുണ്ടക്കയം ദുരന്തം നടന്നിട്ട് ഒരാണ്ട് തികയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇപ്പോഴത്തെ പ്രശ്നം. അന്ന് മുണ്ടാക്കയത്തെക്കുള്ള രക്ഷപ്രവര്ത്തനത്തിനും മറ്റും വേണ്ടി ഇന്ത്യന്‍ ആര്‍മി അടിയന്തിരമായി നിര്‍മ്മിച്ചതായിരുന്നു ബെയ്‌ലിപാലം. ഇന്നും ആ മണ്ണിന്റെ കണ്ണുനീര്‍ ചോര്‍ന്നിട്ടില്ല. കാലവര്‍ഷം ശക്തിപ്പെടുമ്പോള്‍ പ്രദേശവാസികള്‍ ഭയത്തിലാണ്.