ഹൈദരാബാദ്: ഹൈദരാബാദില്‍ ശങ്കര്‍പള്ളിയില്‍ യുവതി റെയില്‍വേ ട്രാക്കിലൂടെ കാറോടിച്ച് കയറ്റിയത് ആശങ്കകള്‍ക്കിടയാക്കി. റെയില്‍വേ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും യുവതി കാര്‍ നിര്‍ത്തിയില്ല. പിന്നീട് ട്രാക്കിന് സമീപത്തെ മരത്തിലിടിച്ച് നിന്ന കാര്‍ തടഞ്ഞ് യുവതിയെ റെയില്‍വേ പോലീസിന് കൈമാറി. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെക്കേണ്ടി വന്നു.
അപകടകരമായ രീതിയില്‍ ട്രാക്കിലൂടെയുള്ള ഓടിക്കലിനിടയില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. യുവതിയുടെ പേര് വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വാഹനം ഓടിച്ചിരുന്നത് മദ്യലഹരിയിലായിരുന്നെന്ന് പിന്നീട് കണ്ടെത്തി.
കൊടങ്ങല്‍ എന്ന സ്ഥലത്തുവെച്ച് റെയില്‍വേ ഗേറ്റില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനാണ് ട്രാക്കിലൂടെ ഒരു വെള്ള കാര്‍ വരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്തിയില്ല.
റെയില്‍വേ ജീവനക്കാരന്‍ കുറച്ച് ദൂരം കാറിനെ പിന്തുടര്‍ന്നു. ഒടുവില്‍ സ്ത്രീ പാളത്തില്‍ നിന്ന് വാഹനം പുറത്തേക്കെടുക്കുന്നതിനിടെ അടുത്തുള്ള മരങ്ങളില്‍ ഇടിച്ചു, ഇതോടെ കാര്‍ നിന്നുപോയി. പിന്നീട് പോലീസിനെ വിവരമറിയിക്കുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.