ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യവ്യാപകമായ ജാഗ്രതയുടെ ഭാഗമായി, വിഴിഞ്ഞം തുറമുഖം, വിമാനത്താവളങ്ങൾ, കര, നാവിക, വ്യോമസേനാ താവളങ്ങൾ തുടങ്ങിയ കേരളത്തിലെ തന്ത്രപ്രധാന സ്ഥലങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
കൊച്ചിയിലെ കടൽ, വായു, കര എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കൊച്ചി നാവിക താവളം, ഐഎൻഎസ് ദ്രോണാചാര്യ, ഐഎൻഎസ് ഗരുഡ, നാവിക വിമാനത്താവളം, ഐഎൻഎച്ച്എസ് സഞ്ജീവനി എന്നിവിടങ്ങളിൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. കൊച്ചി പുറംകടലുകളിലും തുറമുഖത്തും നാവികസേനയുടെ സാന്നിധ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. സൈനിക താവളങ്ങൾക്ക് പുറമേ, വിമാനത്താവളം, തുറമുഖം, എണ്ണ ശുദ്ധീകരണശാല, എൽഎൻജി ടെർമിനൽ, കപ്പൽശാല, കണ്ടെയ്നർ ടെർമിനൽ എന്നിവിടങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഇടുക്കി ഉൾപ്പെടെയുള്ള അണക്കെട്ടുകൾക്ക് പതിവ് സുരക്ഷ തുടരും. സംഘർഷ സാഹചര്യം നേരിടാൻ കേരളത്തിൽ സേനയെ വിന്യസിക്കുന്നില്ലെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. സംഘർഷ സമയങ്ങളിൽ അതീവ ജാഗ്രത പാലിക്കുന്നുണ്ട്.