ഐപിഎല്ലിന്റെ അവസാന പ്ലേഓഫ് സ്ഥാനത്തിനായി മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും പോരാടുന്നു...#ipl2025

 


ന്യൂഡല്‍ഹി: തിങ്കളാഴ്ച ഹൈദരാബാദിനോട് തോറ്റതോടെ ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. അതോടെ പ്ലേ ഓഫില്‍ ശേഷിക്കുന്ന ഒരു സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടം മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലായി. ഇതില്‍ മുംബൈക്കുതന്നെയാണ് സാധ്യത കൂടുതല്‍. ഡല്‍ഹിക്കും മുംബൈക്കും രണ്ടുവീതം മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്.

ബുധനാഴ്ച നടക്കുന്ന ഡല്‍ഹി-മുംബൈ മത്സരം ഇരു ടീമിനും നിര്‍ണായകമാണ്. ഈ കളിയില്‍ തോറ്റാല്‍ ഡല്‍ഹി പുറത്താകും. ജയിച്ചാലും അവസാനമത്സരംകൂടി ജയിച്ചാലേ പ്ലേ ഓഫ് ഉറപ്പിക്കാനാകൂ. 12 കളികളില്‍നിന്ന് 14 പോയന്റുള്ള മുംബൈ നിലവില്‍ നാലാം സ്ഥാനത്തും 13 പോയന്റുമായി ഡല്‍ഹി അഞ്ചാം സ്ഥാനത്തുമാണ്.

എന്നാല്‍, ബുധനാഴ്ച മുംബൈയില്‍ നടക്കുന്ന മത്സരത്തിന് മഴ തടസമാകുമെന്നത് ഡല്‍ഹിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. അടുത്ത നാല് ദിവസത്തേക്ക് മുംബൈയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അക്യുവെതര്‍ പ്രകാരം, നഗരത്തില്‍ മഴപെയ്യാനുള്ള സാധ്യത 80 ശതമാനമാണ്.

മഴ കളിമുടക്കി മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ മുംബൈയുടെ പ്ലേ ഓഫ് സാധ്യത വര്‍ധിക്കും. നിലവില്‍ ഡല്‍ഹിയേക്കാള്‍ ഒരു പോയന്റ് മുന്നിലാണ് മുംബൈ. മത്സരം ഉപേക്ഷിച്ച് പോയന്റ് പങ്കുവെക്കേണ്ടിവന്നാല്‍ മുംബൈക്ക് 15-ഉം ഡല്‍ഹിക്ക് 14-ഉം പോയന്റാകും. പ്ലേ ഓഫിലെത്തിയ പഞ്ചാബ് കിങ്‌സാണ് അവസാന മത്സരത്തില്‍ ഇരു ടീമിന്റെയും എതിരാളികള്‍. മുംബൈ-ഡല്‍ഹി മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ പിന്നീട് ഡല്‍ഹിക്ക് തങ്ങളുടെ വിധിയറിയാന്‍ മുംബൈ -പഞ്ചാബ് മത്സരംവരെ കാക്കണം.

പഞ്ചാബിനെതിരേ മുംബൈ ജയിച്ചാല്‍ ഡല്‍ഹി പുറത്താകും. മുംബൈക്കെതിരായ മത്സരം ഉപേക്ഷിച്ചാല്‍, അവസാന ലീഗ് മത്സരത്തില്‍ മുംബൈ, പഞ്ചാബിനോട് തോറ്റാല്‍ മാത്രമേ ഡല്‍ഹിക്ക് പ്ലേ ഓഫ് ഉറപ്പാകൂ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0