പെരിന്തൽമണ്ണ(മലപ്പുറം): അങ്ങാടിപ്പുറത്ത് റെയിൽ വേട്രാക്കിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയെ ട്രാക്കിൽ തള്ളിയിട്ട് മാല കവർന്ന കേസിലെ പ്രതി പിടിയിലായി. കൊളത്തൂർ വെങ്ങാട് സ്വദേശി വെളുത്തേടത്തുപറമ്പിൽ വിജീഷ് (36) ആണ് പെരിന്തൽമണ്ണ പോലീസിൻ്റെ പിടിയിലായത്.
14-ന് വൈകീട്ടായിരുന്നു സംഭവം. അങ്ങാടിപ്പുറത്തെ ബാറിലെ ശുചീകരണത്തൊഴിലാളിയായ സ്ത്രീ ജോലികഴിഞ്ഞ് റെയിൽവേട്രാക്കിലൂടെ വീട്ടിലേക്കു മടങ്ങുന്ന സമയം പുറകിൽ പവൻ വരുന്ന സ്വർണ്ണമാല പൊട്ടിച്ചെടുത്ത് ഓടിപ്പോകുകയായിരുന്നു. സ്ത്രീ പുറകെ ഓടിയെങ്കിലും മോഷ്ടാവിനെ പിടിക്കാനായില്ല. ഒടുവിൽ ജോലിചെയ്യുന്ന സ്ഥാപനത്തിൽ പോയി ആളെക്കൂട്ടിയും തിരച്ചിൽ നടത്തി. എന്നിട്ടും പ്രതിയെ കണ്ടില്ല. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിൻ്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, സി.ഐ. സുമേഷ് സുധാകരൻ്റെ നേതൃത്വത്തിൽ എസ്.ഐ. ഷിജോ സി. തങ്കച്ചൻ, ഡാൻസാഫ് സ്‌ക്വാഡ് എന്നിവരെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വിജീഷിനെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതായും കൂടുതൽ ചോദ്യംചെയ്യാനും മോഷണമുതല് കണ്ടെടുക്കാനും കസ്റ്റഡിയിൽ നിന്ന് തെളിവെടുപ്പ് നടത്താനും പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, സി.ഐ. സുമേഷ് സുധാകരൻ എന്നിവർ അറിയിച്ചു.