ഇന്ത്യൻ സൈനിക നടപടിയെ ഭയന്ന് പാകിസ്ഥാൻ . ഇന്ത്യൻ ആക്രമണം ആസന്നമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറയുന്നു. ആക്രമണത്തെ നേരിടാൻ തയ്യാറെടുപ്പുകൾ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഫിസ-ഇ-ബദർ എന്ന് പേരിട്ടിരിക്കുന്ന വ്യോമാഭ്യാസം പ്രഖ്യാപിച്ചു.
പാകിസ്ഥാൻ അതീവ ജാഗ്രതയിലാണെന്ന് മന്ത്രി പറയുന്നു. ഇന്ത്യൻ ആക്രമണം ആസന്നമായതിനാൽ സൈന്യം ശക്തിപ്പെടുത്തിയിട്ടുണ്ട്. തന്ത്രപരമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് ഖ്വാജ മുഹമ്മദ് ആസിഫ് പറയുന്നു. ഇന്ത്യയിൽ നിന്നുള്ള ആക്രമണത്തെ താൻ ഭയപ്പെടുന്നുവെന്ന് മന്ത്രി പരസ്യമായി സമ്മതിക്കുന്നു.
ഇന്ത്യൻ ആക്രമണ സാധ്യതയെക്കുറിച്ച് പാകിസ്ഥാൻ സൈന്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞു. ഇന്ത്യൻ ആക്രമണം ആസന്നമാണെന്ന് വിശ്വസിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. രാജ്യത്തിന്റെ നിലനിൽപ്പിന് നേരിട്ട് ഭീഷണിയുണ്ടെങ്കിൽ മാത്രമേ തങ്ങളുടെ ആണവായുധ ശേഖരം ഉപയോഗിക്കൂ എന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി പറയുന്നു.
പഹൽഗാം ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരൻ പാകിസ്ഥാൻ പിന്തുണയുള്ള ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയാണെന്ന് ഇന്ത്യൻ ഏജൻസികൾ നേരത്തെ തിരിച്ചറിഞ്ഞിരുന്നു. പഹൽഗാം ആക്രമണത്തെത്തുടർന്ന്, ഇന്ത്യ പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം തരംതാഴ്ത്തി. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചു, അട്ടാരി അതിർത്തി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു, പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ റദ്ദാക്കി. സൈനിക നടപടിക്ക് തയ്യാറാണെന്ന് സൈന്യവും അറിയിച്ചു.