തൃശൂർ പാലിയേക്കരയിൽ ടോൾ പിരിവ് നിരോധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് മരവിപ്പിക്കും. ഉന്നതതല ഇടപെടലിനെ തുടർന്നാണ് നടപടി.
ഇന്ന് രാത്രി തന്നെ ഉത്തരവ് മരവിപ്പിക്കും. പാലിയേക്കരയിൽ ടോൾ നിരോധിച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ഇന്ന് വൈകുന്നേരം പുറത്തിറങ്ങി.
ദേശീയപാത 544 ലെ ചിറങ്ങര അടിപ്പാത നിർമ്മാണ സ്ഥലത്തും പരിസരത്തും വ്യാപകമായ ഗതാഗതക്കുരുക്കുണ്ടെന്ന പരാതിയെത്തുടർന്ന് 2025 ഫെബ്രുവരി 25, ഏപ്രിൽ 4, 22 തീയതികളിൽ ജില്ലാ ഭരണകൂടം ദേശീയപാത അതോറിറ്റിയുമായി ചർച്ച നടത്തിയിരുന്നു. ടോൾ പിരിവ് നിർത്തിവയ്ക്കാൻ ഏപ്രിൽ 16 ന് എടുത്ത തീരുമാനം, ദേശീയപാത അതോറിറ്റി സമയം തേടിയതിനെത്തുടർന്ന് പിൻവലിച്ചു. ഏപ്രിൽ 28 നകം ഗതാഗതക്കുരുക്ക് പരിഹരിച്ചില്ലെങ്കിൽ ഏപ്രിൽ 16 ലെ തീരുമാനം നടപ്പിലാക്കുമെന്ന് 22 ന് നടന്ന യോഗത്തിൽ തീരുമാനിച്ചു. എന്നാൽ, ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ ദേശീയപാത അതോറിറ്റി പരാജയപ്പെട്ടു. ഇതിനെത്തുടർന്ന്, താൽക്കാലികമായി ടോൾ മരവിപ്പിക്കാൻ തീരുമാനിച്ചു.
എന്നാൽ, ഈ ഉത്തരവ് മരവിപ്പിക്കാൻ നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. കളക്ടർക്ക് അത്തരമൊരു അധികാരമില്ലെന്നും ഉത്തരവ് പിൻവലിക്കണമെന്നും ടോൾ കമ്പനി പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അഭ്യർത്ഥിച്ചതായി റിപ്പോർട്ടുണ്ട്. ഇതുസംബന്ധിച്ച് ടോൾ കമ്പനി സംസ്ഥാന സർക്കാരിനെയും സമീപിച്ചിട്ടുണ്ട്. ഇതോടെ ഉത്തരവ് പിൻവലിക്കാൻ ടോൾ കമ്പനി നീക്കം നടത്തുകയാണ്. ഇന്ന് അർദ്ധരാത്രിയോടെ ഉത്തരവ് പിൻവലിക്കുമെന്നാണ് റിപ്പോർട്ട്.