തിരുവനന്തപുരം : തട്ടിപ്പിൽ നിലവിൽ രജിസ്റ്റർ ചെയ്തത് ഇരുന്നൂറിലേറെ കേസുകൾ. എണ്ണായിരത്തിലേറെ പേരുടെ പരാതികൾ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി എത്തിയിട്ടുണ്ട്. കൂടുതൽ പേർ പരാതികളുമായി എത്തുന്നുണ്ട്. സമാന സ്വഭാവമുള്ള പരാതികൾ ഒറ്റ കേസായി രജിസ്റ്റർ ചെയ്യുന്നതിനാലാണ് കേസുകളുടെ എണ്ണം കുറഞ്ഞത്. ആയിരം കോടിയിലേറെ രൂപ തട്ടിയതായാണ് പൊലീസ് കരുതുന്നത്.
സ്കൂട്ടറിന് 56,000മുതൽ 60,000വരെ, തയ്യൽ മെഷിന് 8000, ലാപ്‌ടോപ്പിന് 30,000വരെ, ഗൃഹോപകരണങ്ങൾക്ക് 20,000 മുതൽ 60,000 വരെ എന്നിങ്ങനെയാണ് തുക വാങ്ങിയത്. കേന്ദ്രപദ്ധതിയിൽ സിഎസ്‌ആർ ഫണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആളുകളെ ചേർത്തത്. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരേയും കുടുക്കി. വയനാട് ജില്ലയിൽ ആയിരത്തിയഞ്ഞൂറോളംപേർ തട്ടിപ്പിനിരകളായതായാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. 25 കോടിയുടെ വെട്ടിപ്പ് കണക്കാക്കുന്നു.
തൃശൂരിൽ അന്തിക്കാട് സ്‌റ്റേഷനിൽ നാല് പരാതിയുണ്ട്. കോഴിക്കോട് നടക്കാവിലും ബാലുശേരിയിലുമായി മൂന്ന് കേസ് രജിസ്‌റ്റർചെയ്‌തു. ആറു കോടിയിലേറെയാണ് ഇതുപ്രകാരമുള്ള തട്ടിപ്പുതുക. കണ്ണൂരിൽ 12 കോടിയോളംരൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക നിഗമനം. രണ്ടായിരത്തോളംപേർ ഇരകളായി. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ മാത്രം മൂന്ന് കോടിയുടേതാണ് തട്ടിപ്പ്. വളപട്ടണം , ചക്കരക്കൽ, മയ്യിൽ, ശ്രീകണ്ഠപുരം, കുടിയാൻമല, പയ്യന്നൂർ, തളിപ്പറമ്പ്, പയ്യാവൂർ, എടക്കാട് സ്റ്റേഷനുകളിലാണ് പരാതിക്കാരിലേറെയും.
കോട്ടയത്ത് ആറ് കേസുകൾ രജിസ്റ്റർചെയ്തു. അറുന്നൂറോളംപേർ പരാതിയുമായി എത്തി. 560പേർ ഈരാറ്റുപേട്ട സ്‌റ്റേഷനിൽമാത്രം പരാതി നൽകിയിട്ടുണ്ട്. മൂന്നുകോടിയോളം രൂപയുടെ തട്ടിപ്പ് ഈരാറ്റുപേട്ടയിൽ നടന്നതായാണ് സൂചന.
ആലപ്പുഴയിൽ 1200പേർ പരാതിപ്പെട്ടു. അമ്പതോളം കേസുകൾ രജിസ്‌റ്റർചെയ്‌തു. 18 കോടിരൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ഇതുവരെയുള്ള വിവരം. 3036 പേരിൽനിന്നായി 25 കോടിയോളം പിരിച്ചു. എറണാകുളത്ത് കോതമംഗലം, മൂവാറ്റുപുഴ, പറവൂർ, വാഴക്കുളം, കല്ലൂർക്കാട്, പോത്താനിക്കോട് സ്‌റ്റേഷനുകളിലാണ് പരാതികൾ. 42 കോടിയുടേതാണ് തട്ടിപ്പ്. മലപ്പുറത്ത് 17 ഏജൻസികൾക്കുകീഴിലായി 50 കോടിയിലേറെ രൂപ തട്ടി. ആയിരത്തിലേറെ പരാതികളുണ്ട്. പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷനും ഏജൻസിയായിരുന്നു.
പാലക്കാട്ട് ൨൫33 പരാതികൾ ലഭിച്ചു. പാലക്കാട് ടൗൺ സൗത്ത്, കോങ്ങാട്, മലമ്പുഴ, ചിറ്റൂർ, ശ്രീകൃഷ്ണപുരം, ഒറ്റപ്പാലം സ്റ്റേഷനുകളിലാണിവ. കൊല്ലത്ത് ചവറ സ്റ്റേഷനിൽ 20 പരാതി ലഭിച്ചു. തിരുവനന്തപുരത്ത് 23 പേർ പോത്തൻകോട് സ്റ്റേഷനിൽ പരാതി നൽകി. 60,000 രൂപ വീതമാണ് ഇവർക്ക് നഷ്ടമായത്. ബാലരാമപുരം, വിതുര, കല്ലിയൂർ തുടങ്ങിയ പഞ്ചായത്തുകളിൽ ആണ് പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് ആദ്യപ്രചാരണം. മുൻകേന്ദ്രമന്ത്രി വി മുരളീധരൻ ആണ് കല്ലിയൂരിൽ പരിപാടി ഉദ്ഘാടനം ചെയ്തത്.
കേന്ദ്രപദ്ധതിയും മറയാക്കി
പകുതി വിലയ്‌ക്ക് ഇരുചക്രവാഹനം വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പിനായി ഇരകളെ ആകർഷിക്കാൻ ബിജെപി നേതൃതലത്തിലെ ബന്ധവും കരുവാക്കി. എ എൻ രാധാകൃഷ്‌ണൻ ഉൾപ്പെടെ ബിജെപി നേതാക്കൾക്ക് കേന്ദ്രസർക്കാരുമായുള്ള അടുപ്പം മറയാക്കിയായിരുന്നു പ്രവർത്തനം. ആയുഷ്‌മാൻ ഭാരത്, സോളാർ പ്ലാന്റ് സ്ഥാപിക്കൽ ഉൾപ്പെടെയുള്ള കേന്ദ്രപദ്ധതികൾ പലതും ഇതിനായി ഉപയോഗിച്ചു.
ബിജെപി നേതാക്കൾ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ച് ഗുണഭോക്താക്കളുടെ വിശ്വാസ്യത നേടി. പിന്നീടാണ് ഇതേ മാതൃകയിൽ ഇരുചക്രവാഹന തട്ടിപ്പുമായി രംഗത്തെത്തിയത്. നേതാക്കളെ വിശ്വസിച്ച് പണം കൈമാറിയ പലർക്കും ഏറെ നാൾ കഴിഞ്ഞിട്ടും വാഹനമോ മുടക്കിയ പണമോ ലഭിച്ചില്ല. ഇതോടെയാണ് ചതി മനസ്സിലാക്കിയത്. സിഎസ്‌ആർ ഫണ്ടുകളുടെ സാധ്യതയും തട്ടിപ്പുകാർ പ്രയോജനപ്പെടുത്തി. രാഷ്ട്രീയബന്ധങ്ങളും സ്വാധീനവും ഉപയോഗിച്ചാണ് വിവിധ കമ്പനികളുടെ സിഎസ്‌ആർ ഫണ്ട് നേടിയെടുത്തത്.
തട്ടിപ്പിനായി ഗ്രാമ, നഗരഭേദമന്യേ ഏജന്റുമാരുടെ ശൃംഖല രൂപീകരിച്ചു. ഗുണഭോക്താക്കളെ കണ്ടെത്തലായിരുന്നു ഏജന്റുമാരുടെ മുഖ്യചുമതല. വാഹനം, ഗൃഹോപകരണങ്ങൾ എന്നിവയ്‌ക്ക് ആവശ്യക്കാരെ കണ്ടെത്തി പദ്ധതിയിൽ ചേർക്കാൻ ഇവരെ നിയോഗിച്ചു. ഇതിനായി കമീഷൻ വാഗ്‌ദാനം ചെയ്‌തു. ലക്ഷങ്ങൾ സ്വരൂപിച്ച് തട്ടിപ്പുസംഘത്തിന് കൈമാറിയവരുണ്ട്. ഇവരിൽ പലരും ചതി അറിഞ്ഞിരുന്നില്ല. തട്ടിപ്പ് പുറത്തുവന്നതോടെ പലരും നാട്ടിൽനിന്ന് സ്ഥലംവിട്ടു.
ബിജെപി, കോൺഗ്രസ് പ്രാദേശിക പ്രവർത്തകരും തട്ടിപ്പിൽ പങ്കാളികളായിട്ടുണ്ട്. ഇവർക്കും ഏജന്റുമാരുടെ റോളായിരുന്നു. വാഹനം ലഭിക്കുമെന്ന് ഉറപ്പ് നൽകി പണം മുടക്കാൻ പ്രേരിപ്പിച്ചു. രാഷ്ട്രീയബന്ധങ്ങൾ ഉപയോഗിച്ച് ഏറ്റവും ആദ്യം വാഹനം നൽകാമെന്നൊക്കെയായിരുന്നു വാഗ്‌ദാനം.
വാര്ത്തകളെ വാര്ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.