നജീബ്‌ കാന്തപുരം എംഎൽഎക്കെതിരെ കേസ് #Kerala

പെരിന്തൽമണ്ണ : പകുതി വിലയ്‌ക്ക്‌ ലാപ്‌ടോപ്പ്‌ നൽകാമെന്ന്‌ വാഗ്‌ദാനം നൽകി പണം വാങ്ങി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിൽ നജീബ്‌ കാന്തപുരം എംഎൽഎക്കെതിരെ കേസ്‌. എംഎൽഎ ഒന്നാം പ്രതിയായാണ്‌ പെരിന്തൽമണ്ണ പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തത്‌. പുലാമന്തോൾ തിരുനാരായണപുരം കുന്നുമ്മൽപ്പടി അനുപമ നൽകിയ പരാതിയിലാണ്‌ വഞ്ചനാക്കുറ്റത്തിനും സാമ്പത്തിക തട്ടിപ്പിനും കേസെടുത്തത്‌. എംഎൽഎയുടെ നേതൃത്വത്തിലുള്ള മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷനാണ്‌ മണ്ഡലത്തിലെ ജനങ്ങളിൽ നിന്നും വ്യാപകമായി പണം പിരിച്ചത്‌. 50 ശതമാനം തുക നൽകിയാൽ ലാപ്‌ടോപ്പ്‌ നൽകാമെന്ന്‌ എംഎൽഎ വാർത്താക്കുറിപ്പിലൂടെയും വാട്‌സ്‌ ആപ്പിലൂടെയും പരസ്യം നൽകിയും വിശ്വാസിപ്പിച്ച്‌ പണം വാങ്ങിയെന്നാണ്‌ പരാതി. കഴിഞ്ഞ സെപ്‌തംബർ 25ന്‌ എംഎൽഎ ഓഫീസിൽ നേരിട്ടെത്തി 21,000 രൂപ കൈമാറി. 40 ദിവസം കഴിഞ്ഞിട്ടും ലാപ്‌ടോപ്പ്‌ ലഭിച്ചില്ലെന്നും പണം തിരിച്ചു നൽകിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. മുദ്ര ഫൗണ്ടേഷൻ വഴി മണ്ഡലത്തിലെ നൂറുകണക്കിന്‌ പേരിൽനിന്ന്‌ കോടികളാണ്‌ പിരിച്ചത്‌. പകുതി വിലയ്‌ക്ക്‌ ഉൽപ്പന്നങ്ങൾ വാഗ്‌ദാനം നൽകി തട്ടിപ്പുനടത്തിയ കേസിൽ അനന്തു കൃഷ്‌ണൻ അറസ്‌റ്റിലായതോടെയാണ്‌ എംഎൽഎ ഓഫീസ്‌ കേന്ദ്രീകരിച്ച്‌ നടന്ന തട്ടിപ്പ്‌ പുറത്തായത്‌. പകുതി വിലയ്‌ക്ക്‌ സ്‌കൂട്ടർ, ലാപ്‌ടോപ്പ്‌, തയ്യൽ മെഷീൻ, സൈക്കിൾ എന്നിവ പണമടച്ച്‌ 40 ദിവസത്തിനകം നൽകുമെന്നായിരുന്നു വാഗ്‌ദാനം. പണമടച്ചവർക്ക്‌ മാസങ്ങൾ കഴിഞ്ഞിട്ടും ഉൽപ്പന്നങ്ങൾ ലഭിച്ചില്ല. സമാന തട്ടിപ്പിൽ അനന്തു കൃഷ്‌ണൻ അറസ്‌റ്റിലായതോടെയാണ്‌ ഗുണഭോക്താക്കൾ പരാതിയുമായി രംഗത്തെത്തിയത്‌.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0