മഷിപ്പേനയിലൂടെ ഗൃഹാതുരത്വത്തിലേക്ക് മടങ്ങാൻ കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികൾ#Kerala
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ച് അതിലൂടെ കാർബൺ ഫൂട്ട്പ്രിന്റ് ഗണ്യമായി കുറയ്ക്കുന്നതിനുള്ള എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക് മഷിപ്പേന വിതരണം ചെയ്തത്. ഇതടക്കം ആറോളം ശുചിത്വ-മാലിന്യ സംസ്കരണ പരിപാടികളാണ് "സസ്റ്റെയിൻഡ്' എന്ന പേരിൽ തുടങ്ങിയ പദ്ധതിയിലുള്ളത്. ആദ്യഘട്ടത്തിൽ സ്കൂൾതലത്തിലാണ് നടപ്പാക്കുന്നത്. വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ വിദ്യാർഥികൾക്ക് മഷിപ്പേന വിതരണം ചെയ്ത് പദ്ധതിയുടെ ഉദ്‌ഘാടനംനടത്തി. എളുപ്പത്തിൽ മഷി നിറയ്ക്കാൻ എച്ച്എൽഎൽ തന്നെ വികസിപ്പിച്ചെടുത്ത ഇങ്ക് ഡിസ്പെൻസറും സ്കൂളിൽ സ്ഥാപിച്ചു. വർഷം തോറും രണ്ടര ലക്ഷത്തിലധികം പ്ലാസ്റ്റിക് പേനകൾ സ്കൂളിൽ ഉപയോഗിച്ചുവരുന്നത് ഈ ഉദ്യമത്തിലൂടെ ഗണ്യമായി കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. വഴുതക്കാട് കൗൺസിലർ രാഖി രവികുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ എഡ്യൂക്കേഷൻ സുബിൻ പോൾ, എച്ച്‌എൽഎൽ സീനിയർ വൈസ് പ്രസിഡന്റ് വി കുട്ടപ്പൻ പിള്ള, അസോസിയേറ്റ് വൈസ് പ്രസിഡന്റ് ആർ വി രാജീവ്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഷംനാദ് ഷംസുദീൻ, പ്രിൻസിപ്പൽ വി ഗ്രീഷ്മ, ഡോ. അരുൺ മോഹൻ, ബ്രിജിത് ലാൽ, ജി ഗീത, പി എൻ അരുൺ രാജ്, അജിതകുമാരി, പി വി ഗുരുദത്ത് തുടങ്ങിയവർ സംസാരിച്ചു.