സ്ത്രീകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കൂടുതൽ കണ്ടെത്തലുകളാണ് അന്വേഷണ സംഘം നടത്തിയിരിക്കുന്നത്. സിഎസ്ആർ ഫണ്ടിൻ്റെ മറവിൽ വാഹന തട്ടിപ്പ് നടത്തിയ അനന്തുകൃഷ്ണനെതിരെ കൂടുതൽ പരാതികൾ ലഭിച്ചു. മൂവാറ്റുപുഴയിൽ മാത്രം ഇയാൾ ഒമ്പത് കോടിയുടെ തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം പറഞ്ഞു. ഇടുക്കി ജില്ലയിൽ അനന്തുകൃഷ്ണനെതിരെ വ്യാപക പരാതി ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാനത്താകെ നടന്നത് വൻ തട്ടിപ്പാണെന്നും പൊലീസ് അറിയിച്ചു. ഇരുചക്ര വാഹനങ്ങൾ പകുതി വിലയ്ക്ക് വാഗ്ദാനം ചെയ്താണ് അനന്ദു തട്ടിപ്പ് നടത്തിയത്. വിവിധ കമ്പനികളുടെ സിഎസ്ആർ ഫണ്ട് വഴി സ്കൂട്ടറുകൾ ലഭിക്കുമെന്ന് ഇരകളെ വിശ്വസിപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുടയത്തൂർ സ്വദേശി അനന്തുകൃഷ്ണ(26) വിവിധ പദ്ധതികളുടെ പേരിൽ 300 കോടിയിലേറെ രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്. അനന്തുകൃഷ്ണൻ അറസ്റ്റിലായതിന് പിന്നാലെ 1200ഓളം സ്ത്രീകളാണ് വഞ്ചിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്.
വിമൻ ഓൺ വീൽസ് പദ്ധതിയുടെ പേരിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ്. വാഹനത്തിൻ്റെ പകുതി തുക നൽകിയാൽ ബാക്കി പകുതി കേന്ദ്ര സർക്കാർ സഹായമായും വൻകിട കമ്പനികളുടേതുൾപ്പെടെ സിഎസ്ആർ ഫണ്ടായും നൽകുമെന്നായിരുന്നു വാഗ്ദാനം. പണം അടച്ച് 45 ദിവസത്തിനകം വാഹനം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. അനന്തുകൃഷ്ണൻ്റെ വാക്കുകൾ വിശ്വസിച്ച യുവതികൾ ഇയാളുടെ സ്ഥാപനത്തിൻ്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു നൽകിയിരുന്നു.
അതിനിടെ മൂവാറ്റുപുഴയില്‍ അറസ്റ്റിലായ അനന്തുവിന്റെ കൊച്ചി ഹൈക്കോടതി ജങ്ഷനിലെ അശോക
ഫ്‌ളാറ്റില്‍ ബി.ജെ.പി നേതാവ് രാധാകൃഷ്ണന്‍ വരാറുണ്ടായിരുന്നെന്ന്
ഇവിടുത്തെ ജീവനക്കാര്‍ പറയുന്നു. 10 പേരില്‍ കൂടുതല്‍ സ്റ്റാഫും രണ്ട്
ഡ്രൈവര്‍മാരും അനന്തുവുമുണ്ടായിരുന്നുവെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍
പറയുന്നു.