ഏറണാകുളം : കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെൻ്റിലേറ്റർ സപ്പോർട്ട് രണ്ട് ദിവസം കൂടി തുടരാനാണ് ഡോക്ടർമാരുടെ തീരുമാനം.
അറസ്റ്റിലായ മൃദംഗ വിഷൻ എംഡി എം നിഗോഷ് കുമാറിനെ പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. അപകടത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിൽ മൂന്ന് പ്രതികൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു.
മൃദംഗ വിഷൻ്റെ സംഘാടകരായ എംഡി എം നിഘോഷ് കുമാർ, സിഇഒ ഷമീർ അബ്ദുൾ റഹീം, സി മിനി എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂവരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ചിൻ്റെ പരിഗണനയിലാണ്.
അതേസമയം അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൻ വിഷ്ണു പറഞ്ഞു. പ്രാർത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും വിഷ്ണു കൂട്ടിച്ചേർത്തു. അതിനിടെ, കൊച്ചി കലൂരിൽ നടന്ന നൃത്ത പരിപാടിയിലെ പണമിടപാട് സംബന്ധിച്ച് പോലീസ് കേസെടുത്തു. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 316 (2), 318 (4), 3 (5) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൃദംഗ വിഷൻ എംഡി നിക്കോഷ് കുമാർ, സിഇഒ ഷെമീർ അബ്ദുൾ റഹീം, നടി ദിവ്യാ ഉണ്ണിയുടെ സുഹൃത്ത് പൂർണിമ, നിക്കോഷിൻ്റെ ഭാര്യ എന്നിവരാണ് കേസിലെ പ്രതികൾ.