മഹാരാഷ്ട്രയിലും എച്ച്എംപി വൈറസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാഗ്പൂർ സ്വദേശികളായ ഏഴും പതിമൂന്നും വയസ്സുള്ള കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചത്. പനിയും ചുമയുമായി ആശുപത്രിയിലെത്തിയ കുട്ടികളിൽ പരിശോധന നടത്തിയപ്പോഴാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്ത് സജീവമായ എച്ച്എംപിവി കേസുകളുടെ എണ്ണം എട്ടായി. കർണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത് പുതിയ വൈറസല്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പറഞ്ഞു. ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏത് സാഹചര്യവും നേരിടാൻ രാജ്യത്തെ ആരോഗ്യമേഖല സജ്ജമാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചിരുന്നു. ബെംഗളൂരുവിൽ രണ്ട് എച്ച്എംപിവി കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഐസിഎംആറിൻ്റെ പ്രസ്താവന.
എന്നാൽ, കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കുട്ടികളുടെ കുടുംബം അടുത്തിടെ വിദേശയാത്ര നടത്താതിരുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞ കുട്ടികളെയും പ്രായമായവരെയും ആണ് വൈറസ് പ്രധാനമായും ബാധിക്കുന്നത്. പനി, തുമ്മൽ, ചുമ, ജലദോഷം, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് HMPV യുടെ ലക്ഷണങ്ങൾ. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സിനോ ഇല്ല. രോഗലക്ഷണ ചികിത്സ മാത്രമേയുള്ളൂ