വീണ്ടും വലിയ നിക്ഷേപവുമായി ഗൗതം അദാനി. ഛത്തീസ്ഗഢിലെ ഊർജ-സിമൻ്റ് വ്യവസായത്തിന് 65,000 കോടി പ്രഖ്യാപിച്ചു. സംസ്ഥാന മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദാനി ഇക്കാര്യം അറിയിച്ചതെന്ന് സംസ്ഥാന സർക്കാർ ഔദ്യോഗികമായി അറിയിച്ചു.
റായ്പൂരിലെ മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. റായ്പൂർ, കോർബ, റായ്ഗഡ് എന്നിവിടങ്ങളിൽ 6,000 കോടി രൂപയുടെ വൈദ്യുത നിലയങ്ങളും സംസ്ഥാനത്തെ സിമൻ്റ് പ്ലാൻ്റുകളുടെ വികസനത്തിന് 5,000 കോടി രൂപയും പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസം, തൊഴിൽ വൈദഗ്ധ്യം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ 10,000 കോടി രൂപ ചെലവഴിക്കുമെന്നും അദാനി വാഗ്ദാനം ചെയ്തു.
ഇതിനെല്ലാം പുറമെ, പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ വികസിപ്പിക്കുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ഇരുവരും യോഗത്തിൽ ചർച്ച ചെയ്തു. ഛത്തീസ്ഗഡിൽ ഡാറ്റാ സെൻ്റർ, ഗ്ലോബൽ കാപബിലിറ്റി സെൻ്റർ എന്നിവ സ്ഥാപിക്കുന്നതും ഇരുവരും ചർച്ച ചെയ്തു. എന്നാൽ ഇക്കാര്യങ്ങളിൽ എന്തെങ്കിലും തീരുമാനമായോ എന്ന കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.