• പത്തനംതിട്ടയിൽ 64 പേർ 18കാരിയെ പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. കഴിഞ്ഞ
മൂന്ന് വർഷത്തിനിടയാണ് പീഡനം നടന്നത്. സംഭവത്തിൽ പൊലീസ് രണ്ട് കേസ്
രജിസ്റ്റർ ചെയ്തു. നിലവിൽ അഞ്ചുപേർ പിടിയിലായിട്ടുണ്ട്.
• നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈക്കൂലി കേസിൽ
കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അതേസമയം, ശിക്ഷ അനുഭവിക്കുന്നതിൽ
നിന്ന് ഒഴിവാക്കി. പ്രസിഡൻ്റായി അധികാരമേൽക്കാൻ വെറും 10 ദിവസം
ശേഷിക്കെയാണ് കോടതിവിധി.
• വ്യാഴാഴ്‌ച രാത്രി അന്തരിച്ച ഗായകൻ പി ജയചന്ദ്രന് മലയാളക്കര
ശനിയാഴ്‌ച വിട നൽകും. രാവിലെ എട്ടിന് ജന്മനാടായ ചേന്ദമംഗലത്തേക്ക്
കൊണ്ടുപോകും. രാവിലെ 8.30ന് ഇരിങ്ങാലക്കുട നാഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ
പൊതുദർശനത്തിനുവയ്‌ക്കും. പകൽ 3.30ന് പാലിയത്തെ തറവാട്ടുവളപ്പിൽ
സംസ്‌കരിക്കും.
• തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ എമര്‍ജന്‍സി മെഡിസിന്‍
വിഭാഗത്തെ ട്രോമ കെയറിന്റേയും ബേണ്‍സ് ചികിത്സയുടേയും സെന്റര്‍ ഓഫ്
എക്‌സലന്‍സായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് മെഡിക്കല്‍
വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചു.
• ലോജിസ്‌റ്റിക് മേഖലയില്‍ വന്‍ കുതിപ്പിന് തയ്യാറെടുത്ത് കൊച്ചി.
അദാനി ഗ്രൂപ്പ്, ഫ്ലിപ്കാര്‍ട്ട്, കലിഫോര്‍ണിയ ആസ്ഥാനമായുള്ള ലോകത്തെ
മുന്‍നിര ലോജിസ്റ്റിക് കമ്പനി പനാറ്റോണി, ബംഗളൂരു ആസ്ഥാനമായ അവിഗ്ന
തുടങ്ങിയ വമ്പന്മാരാണ് കൊച്ചിയില്‍ ലോജിസ്റ്റിക് പാര്‍ക്ക് ഒരുക്കുന്നത്.
• വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് യമൻ ജയിലിൽ കഴിയുന്ന മലയാളി
നഴ്‌സ് നിമിഷപ്രിയക്കുവേണ്ടി ഇടപെടാമെന്ന വാഗ്‌ദാനം പാലിച്ച് ഇറാൻ.
കൊല്ലപ്പെട്ട യമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ കുടുംബത്തെ യമനിലെ ഇറാൻ
എംബസിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്.
• ലോകത്തിന്റെ വിനോദചലച്ചിത്രകേന്ദ്രമായ ഹോളിവുഡിനെ അടക്കം
ഭീതിയിലാക്കി ലൊസ് ആഞ്ചലസില്‍ പടരുന്ന കാട്ടുതീയില്‍ ചാരമായത്
പതിനായിരത്തിലധികം വീടുകള്‍. 35,000ലധികം ഏക്കർ പൂര്‍ണമായി കത്തിയമര്‍ന്നു.
പത്തു മരണമാണ് സ്ഥിരീകരിച്ചതെങ്കിലും ആള്‍നാശം ഉയര്‍ന്നേക്കാം.