ഗൂഗിൾ മാപ്പ് നോക്കി ഗോവയിലേക്ക് പുറപ്പെട്ടു, എത്തിയത് കർണാടകയിലെ കൊടുംകാട്ടിൽ... #Google_Map

 


ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് ഗോവയിലേക്ക് യാത്ര തിരിച്ച കുടുംബം എത്തിപ്പെട്ടത് കർണാടകയിലെ കൊടുംവനത്തില്‍. ബിഹാറിൽ നിന്നുള്ള 7 പേരടങ്ങുന്ന കുടുംബമാണ് ഒരു രാത്രി മുഴുവൻ ബെൽഗാവിയിലെ കാട്ടിൽ ഒറ്റപ്പെട്ടു പോയത്. പിന്നീട് പൊലീസ് എത്തിയാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്. രാജ്ദാസ് രഞ്ജിത് ദാസ് എന്നയാളുടെ നേതൃത്വത്തിലാണ് കുട്ടികൾ ഉൾപ്പെടെയുള്ള സംഘം വെള്ളിയാഴ്ച ഗോവയിലേക്ക് പുറപ്പെട്ടത്. ഖാൻപുർ കഴിഞ്ഞപ്പോൾ സംഘം ഗോവയിലേക്കുള്ള എളുപ്പവഴി തിരഞ്ഞു. അപ്പോഴാണ് ഷിരോളിയിലൂടെയും ഹെമ്മഡാഗയിലൂടെയും എളുപ്പവഴിയുണ്ടെന്ന് ഗൂഗിൾ മാപ്പ് നിർദേശിച്ചത്.

പക്ഷേ ഇതു ജനവാസമില്ലാത്ത കാടാണെന്ന് സംഘത്തിന് മനസിലായില്ല. ഗൂഗിൾ മാപ്പിനെ വിശ്വസിച്ച് ഏറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോഴാണ് കൊടും വനത്തിൽ പെട്ടു പോയതായി ഇവർക്ക് മനസിലായതു പോലും. അപ്പോഴേക്കും ഭീംഗഡ് വനത്തിനുള്ളിൽ 7 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു കഴിഞ്ഞിരുന്നു സംഘം. കാട്ടിനുള്ളിൽ മൊബൈൽ റേഞ്ചും നഷ്ടപ്പെട്ടതോടെ എല്ലാവരും പരിഭ്രാന്തരായി. തിരിച്ചു പോകാനുള്ള ദിശയും മനസിലാക്കാൻ കഴിയാതെ വന്നതോടെ ഒരു രാത്രി കാറിനുള്ളിൽ അടച്ചിരിക്കാൻ തീരുമാനിക്കുകയായിരുന്നു.

പിന്നീട് നേരം പുലർന്നതോടെ നാലു കിലോമീറ്ററോളം നടന്നതിനു ശേഷമാണ് ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിക്കാനുള്ള റേഞ്ച് ലഭിച്ചത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ജിപിഎസ് ഉപയോഗിച്ച് ഇവരെ കണ്ടെത്തി തിരിച്ചു കൊണ്ടു വന്നു. സമീപത്തുള്ള ഗ്രാമങ്ങളിൽ നിന്നുള്ളവർ പോലും ഈ വനമേഖലയിലേക്ക് പോകാറില്ലെന്ന് ബെൽഗാവി പൊലീസ് പറയുന്നു. കരടി അടക്കമുള്ള വന്യ മൃഗങ്ങൾ ഇവിടെ ധാരാളമുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0