ഹയർ സെക്കൻഡറി വിദ്യാർഥികള്‍ക്ക് നോട്ട്‌സ് ഉള്‍പ്പടെ പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷൻ ഇടപെടലിനെ തുടർന്നാണിത്.
കോവിഡ് കാലത്ത് ഓണ്‍ലൈൻ പഠനമായിരുന്നെങ്കിലും നിലവില്‍ സ്‌കൂളുകളില്‍ നേരിട്ടാണ് ക്ലാസ് നടക്കുന്നത്. കുട്ടികള്‍ക്ക് പഠനകാര്യങ്ങള്‍ ഓർത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്‌സ് ഉള്‍പ്പടെ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി ഗുണകരമല്ലെന്നു സർക്കുലറില്‍ പറയുന്നു.
കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്‌കൂളുകളില്‍ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്.
പഠന കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്ബോള്‍ സാമ്ബത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയതിനെ തുടർന്ന് ബാലാവകാശ കമീഷൻ അംഗം എൻ. സുനന്ദ നല്‍കിയ നോട്ടീസിനെ തുടർന്നാണ് എല്ലാ ആർ.ഡി.ഡിമാർക്കും സ്‌കൂള്‍ പ്രിൻസിപ്പല്‍മാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നല്‍കിയത്.