പ്രശസ്ത തമിഴ് നടൻ ഡൽഹി ഗണേഷ് (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈയിലെ സെന്താമിർ നഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.
തമിഴിലും മലയാളത്തിലുമടക്കം വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 1976ൽ കെ ബാലചന്ദ്രൻ്റെ പട്ടണപ്രവേശം എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു ഡൽഹി ഗണേഷിൻ്റെ സിനിമാലോകത്തേക്കുള്ള പ്രവേശനം. കെ ബാലചന്ദർ ഗണേശൻ എന്ന യഥാർത്ഥ പേര് ഡൽഹി ഗണേഷ് എന്നാക്കി മാറ്റി. പിന്നീട് 400-ലധികം ചിത്രങ്ങളിൽ സ്വഭാവ നടനായും വില്ലനായും മികച്ച പ്രകടനം നടത്തി ഇന്ത്യൻ സിനിമയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. രജനികാന്തിൻ്റെയും കമൽഹാസൻ്റെയും ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം.
തമിഴിലെ പ്രശസ്തമായ സിനിമകളായ നായകൻ, അവ്വൈ ഷൺമുഖി, തെന്നാലി, സത്യ, സാമി, സിന്ധുഭൈരവി, മൈക്കിൾ മദന കാമ രാജൻ, അയൻ തുടങ്ങിയവയിലെ വേഷങ്ങൾ എടുത്തുപറയേണ്ടതാണ്. ധ്രുവം, കാലാപാനി, ദേവാസുരം, കീർത്തിചക്ര, കൊച്ചി രാജ, പോക്കിരി രാജ, മനോഹരം എന്നിവയാണ് അദ്ദേഹം അഭിനയിച്ച മറ്റ് മലയാള ചിത്രങ്ങൾ. 1979-ൽ തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡ് നേടി. സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് പത്ത് വർഷം ഇന്ത്യൻ വ്യോമസേനയിൽ സേവനമനുഷ്ഠിച്ചു.