കണ്ണൂരിൽനിന്ന് കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ഇതുവരെ കണ്ടെത്താനായില്ല. തളിപ്പറമ്പ് സാൻജോസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ തളിപ്പറമ്പ് പൂക്കോത്ത്തെരു സ്വദേശി ആര്യനെ(14)യാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്.
വൈകീട്ട് നാലിന് സ്കൂൾവിട്ട ശേഷം കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സ്കൂൾ ബസ്സിൽ ആര്യൻ ഉണ്ടായിരുന്നു. എന്നാൽ അമ്മയുടെ വീട്ടിലേക്കാണ് പോകുന്നത് എന്നുപറഞ്ഞ് തളിപ്പറമ്പിനടുത്ത് ബെക്കളത്ത് ഇറങ്ങിയെന്നാണ് വിവരം. ഇവിടെ കുട്ടി എത്തിയതിന്റെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.
കണ്ണൂർ നഗരത്തിൽ കുട്ടി എത്തിയെന്ന വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണമില്ല. കൂടുതൽ സ്ഥലങ്ങളിലേക്ക് പോലീസ് പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്.
ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം നടത്തിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.