വാഹനങ്ങളിൽ ഇനി മുതൽ നിയമപരമായ രീതിയിൽ കൂളിങ് പേപ്പർ (സൺഫിലിം) ഒട്ടിക്കാമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. ഫേസ്ബുക്കിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വാഹനങ്ങളിൽ കൂളിങ് ഫിലിം ഒട്ടിച്ചതിന്റെ പേരിൽ ആളുകളെ തടഞ്ഞ് നിർത്തി ഫിലിം വലിച്ചുകീറുന്ന തരത്തിലുള്ള രംഗങ്ങളുണ്ടായിട്ടുണ്ട്. അത് യാത്രക്കാരെ അപമാനിക്കുന്ന പ്രവർത്തനമാണ്. അത് മോട്ടോർ വാഹന വകുപ്പിലെയും എൻഫോഴ്സസ്മെൻ്റിലെയും പൊലീസ് ഉദ്യോഗസ്ഥരും അവസാനിപ്പിക്കണം. ഫിലിം ഒട്ടിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി വിധി ഉദ്യോഗസ്ഥർ പാലിക്കണം. വാഹനങ്ങളുടെ മുന്നിലെ ഗ്ലാസിൽ 70 ശതമാനം കാണാവുന്ന രീതിയിലും സൈഡ് ഗ്ലാസുകളിൽ 50 ശതമാനം കാണാവുന്ന രീതിയിലും കൂളിങ് പേപ്പർ ഉപയോഗിക്കാമെന്നാണ് ഉത്തരവ്.
ആ ഉത്തരവ് കൃത്യമായി പാലിക്കണം.
വാഹനത്തിന്റെ അകത്ത് ഇരിക്കുന്ന ആളുകളെ കാണാൻ കഴിയാത്ത രീതിയിൽ കൂളിങ് പേപ്പർ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പേരിൽ തടഞ്ഞുനിർത്തി കൂളിങ് പേപ്പർ വലിച്ചു കീറുന്നത് ഒഴിവാക്കണം. അമിതമായ അളവിൽ കൂളിങ് ഫിലിം ഒട്ടിച്ചിട്ടുണ്ടെങ്കിൽ ചലാൻ നൽകുകയോ പിഴ ചുമത്തുകയോ ചെയ്യാം. അല്ലാതെ റോഡിൽ തടഞ്ഞുനിർത്തി കൂളിങ് കീറാനോ ആൾക്കാരെ അപമാനിക്കാനോ പാടില്ല.
റോഡുകളിൽ ആളുകളെ പിടിച്ചു നിർത്തുന്നതും കൂളിംഗ് പേപ്പർ വലിച്ചു കീറുന്നതും അവരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. ഗർഭിണികൾ, കുട്ടികൾ, കാൻസർ രോഗികൾ, പ്രായമായവർ തുടങ്ങിയവർക്ക് അസഹനീയമായ ചൂട് സഹിക്കുന്നതിൽ പരിമിതി ഉണ്ട് എന്നും മനസിലാക്കണം. നിയമപരമായ രീതിയിൽ കൂളിംഗ് പേപ്പർ ഉപയോഗിക്കാം എന്ന ഹൈക്കോടതി വിധി സ്വാഗതാർഹമാണ്. എല്ലാ നിയമത്തിനുമപ്പുറം മനുഷ്യത്വം എന്നൊരു വികാരമുണ്ടെന്ന് ജീവനക്കാർ ഓർക്കണമെന്നും മന്ത്രി പറഞ്ഞു.