മലപ്പുറത്ത് എം പോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ. മഞ്ചേരി മെഡിക്കൽ കോളജിലാണ് ചികിത്സ തേടിയിരിക്കുന്നത്. രോഗിയുടെ സാമ്പിൾ പരിശോധനക്ക് അയച്ചു. എടവണ്ണ സ്വദേശിയായ 38കാരനാണ് ചികിത്സയിൽ കഴിയുന്നത്. ഒരാഴ്ച മുൻപാണ് യുഎഇയിൽ കേരളത്തിലെത്തിയത്. ഇന്നലെയാണ് കടുത്ത പനിയെ തുടർന്ന് ആശുപത്രിയിലെത്തിയത്.
ചിക്കൻപോക്‌സിന് സമാനമുള്ള ലക്ഷണങ്ങൾ കാണിച്ചതോടെയാണ് എം പോക്‌സ് സംശയം ഉണ്ടായത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇയാളുടെ സാമ്പിളുകൾ കോഴിക്കോട് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. രാജ്യത്ത് ഒരാൾക്ക് നേരത്തെ എം പോക്സ് സ്ഥിരീകരിച്ചിരുന്നു. ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് ഇന്ത്യയിൽ എം പോക്‌സ് സ്ഥിരീകരിച്ചത്.
വസൂരിക്ക് കാരണമാകുന്ന ഓർത്തോപോക്‌സ് വൈറസ് ജനുസ്സിൽപ്പെട്ടതാണ് മങ്കിപോക്‌സ് വൈറസ്. ക്ലേഡ് 1, ക്ലേഡ് 2 എന്നിങ്ങനെ രണ്ടു വകഭേദങ്ങളാണ് വൈറസിനുള്ളത്. വൈറസ് ബാധയുണ്ടായാൽ ഒന്നുമുതൽ രണ്ടാഴ്ചക്കുള്ളിൽ ലക്ഷണങ്ങൾ ഉണ്ടാകും. കുരങ്ങുമാത്രമല്ല, എലി, അണ്ണാൻ തുടങ്ങിയ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പകരും. വൈറൽ രോഗമായതിനാൽ എംപോക്‌സിന് പ്രത്യേക ചികിത്സയില്ല
കടുത്ത പനി, പേശീവേദന, ലിംഫ് നോഡുകളിലെ വീക്കം, തലവേദന,. ത്വക്കിൽ പഴുപ്പും ചൊറിച്ചിലും വേദനയുമുള്ള കുമിളകൾ, തടിപ്പുകൾ.എന്നിവയാണ് ലക്ഷണങ്ങൾ. അണുബാധിതരായവരുമായോ രോഗം ബാധിച്ച മൃഗങ്ങളുമായുള്ള ശാരീരിക സമ്പർക്കത്തിലൂടെ രോഗം പകരാം. എംപോക്‌സിനെതിരെ ലോകാരോഗ്യസംഘടന നിർദ്ദേശിച്ചിട്ടുള്ള വാക്സിനുകളുണ്ട്. എം വി എ-ബി എൻ, എൽ സി 16, എ സി എ എം 2000 എന്നീ മൂന്ന് വാക്സിനുകളാണ് എം പോക്സിനെതിരെ ഡബ്ല്യു എച്ച് ഒ ശുപാർശ ചെയ്യുന്നത്.