ഓണപ്പരീക്ഷയുടെ ചോദ്യോത്തരങ്ങൾ തലേന്നാൾതന്നെ യൂട്യൂബ് ചാനലുകൾ വഴി പ്രചരിപ്പിക്കുന്നു. അഞ്ചുമുതൽ പത്താംക്ലാസ് വരെയുള്ള പരീക്ഷകളുടെ ചോദ്യോത്തരങ്ങളാണ് തലേന്നാൾ വൈകീട്ടോടെ ചില ട്യൂഷൻ സെന്ററുകളുടെ യൂട്യൂബ് ചാനലുകളിൽ വരുന്നത്. ഇത് പരീക്ഷാസമ്പ്രദായംതന്നെ പ്രഹസനമാക്കുകയാണ്.
ഒന്നുമുതൽ പത്താംക്ലാസ് വരെയുള്ള പരീക്ഷകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പാണ് ചോദ്യപേപ്പർ തയ്യാറാക്കുന്നത്. ബി.ആർ.സി. മുഖേനയാണ് സ്കൂളുകളിൽ എത്തിക്കുന്നത്. പരീക്ഷയുടെ ഒന്നോ രണ്ടോ ദിവസം മുൻപ് തുടങ്ങി ഘട്ടംഘട്ടമായാണ്
സ്കൂളുകളിൽ ചോദ്യപേപ്പർ എത്തുന്നത്. പ്രഥമാധ്യാപകർക്കാണ് ചോദ്യപേപ്പറിന്റെ ഉത്തരവാദിത്വം. പരീക്ഷ തുടങ്ങുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുൻപ് മാത്രമാണ് ചോദ്യപേപ്പർ പൊട്ടിക്കാൻ അനുവാദമുള്ളത്. അനധികൃതമായി പലയിടങ്ങളിലും നേരത്തേ പൊട്ടിക്കുന്നതായി സംശയമുയർന്നിട്ടുണ്ട്.
ചോർന്നുകിട്ടിയതല്ല, മുൻകാല ചോദ്യപേപ്പറുകൾ വിലയിരുത്തി ഇത്തവണ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ എന്ന രീതിയിലാണ് യൂട്യൂബ് ചാനലുകളിൽ ചോദ്യോത്തരങ്ങൾ അവതരിപ്പിക്കുന്നത്. ഇതേ ചോദ്യങ്ങൾ കൃത്യമായി പിറ്റേന്ന് പരീക്ഷയ്ക്ക് വരുന്നതാണ് സംശയത്തിനിടനൽകുന്നത്.
പത്താം ക്ലാസ് സാമൂഹികശാസ്ത്രം ചോദ്യപേപ്പറുമായി ബന്ധപ്പെട്ട് ഒരു ചാനലിൽ തലേന്നാൾ വന്ന വീഡിയോ രണ്ടര ലക്ഷം പേരാണ് കണ്ടത്. നാലുലക്ഷത്തിൽപ്പരം കുട്ടികളാണ് ഇത്തവണ പത്താംക്ലാസിലുള്ളത്. മുൻകാലങ്ങളിൽ യൂട്യൂബ് ചാനലുകളിൽ ചെറിയ തോതിൽ പരീക്ഷയുടെ തലേന്ന് ചോദ്യോത്തര സൂചനകൾ നൽകിയിരുന്നു. ഇത്തവണ 40 മാർക്കിന്റെ ചോദ്യോത്തരങ്ങളും നൽകിയിട്ടുണ്ട്.
സ്കൂളുകളിൽ പരീക്ഷ നടത്തുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പിന് വലിയ തയ്യാറെടുപ്പുകളും അധ്വാനവുമുണ്ട്. ഇതെല്ലാം പ്രഹസനമാക്കുകയാണ് യൂട്യൂബ് ചാനലുകൾ വഴി ട്യൂഷൻ സെന്ററുകൾ. അധ്യാപകരുടെ ആത്മവിശ്വാസം ഇല്ലാതാക്കുകയും വിദ്യാർഥികൾക്ക് പരീക്ഷ ഗൗരവമല്ലാതാവുകയും ചെയ്യുന്നത് പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചക്ക് കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
വിഷയം വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി -ഡി.ഡി.ഇ.
:ചോദ്യപേപ്പറുകൾ യൂട്യൂബ് ചാനലുകൾവഴി നേരത്തേ പ്രചരിപ്പിക്കുന്നത് പൊതു വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മലപ്പുറം ഡി.ഡി.ഇ. കെ. രമേഷ്‌കുമാർ മാതൃഭൂമിയോട് പറഞ്ഞു. ബുധനാഴ്ച നടന്ന പ്രഥമാധ്യാപകരുടെ യോഗത്തിൽ വിഷയം ചർച്ചചെയ്തിരുന്നു. തുടർന്ന് എച്ച്.എം. ഫോറം ഡി.ഡി.ഇ.ക്ക് പരാതി നൽകുകയും ഡിജിറ്റൽ തെളിവുകൾ കൈമാറുകയുംചെയ്തു. വിഷയം ജില്ലാകളക്ടരെയും ജില്ലാ പോലീസ് മേധാവിയേയും പൊതുവിദ്യാഭ്യാ ഡയറക്ടറെയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു.