മുംബൈയിലെ ഇവൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതി അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ കേന്ദ്ര തൊഴിൽ മന്ത്രാലയം മഹാരാഷ്ട്ര സർക്കാരിനോട് വിവരങ്ങൾ തേടി. വിഷയത്തിൽ അന്വേഷണം തുടരുകയാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം, അന്നയുടെ മരണത്തെക്കുറിച്ച് അറിയാൻ കമ്പനി അധികൃതരെ വിളിച്ചുവരുത്തുമെന്നും അറിയിച്ചു.
ഇതിന് പുറമെ ഇവൈ കമ്പനിയിലെ തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും തൊഴിൽ മന്ത്രാലയം തേടിയിട്ടുണ്ട്. നേരത്തെ അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു.
ജോലിഭാരമാണ് അന്ന സെബാസ്റ്റ്യൻ്റെ മരണത്തിന് കാരണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അഗാധമായ ആശങ്ക രേഖപ്പെടുത്തി. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു.
അതേ സമയം അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ നിയമനടപടികൾ ഇല്ലെന്ന നിലപാടിലാണ് കുടുംബം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഇടപെടണമെന്നാണ് അന്നയുടെ കുടുംബത്തിൻ്റെ ആവശ്യം.
ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അന്ന സെബാസ്റ്റ്യൻ്റെ അമ്മ കമ്പനി മേധാവിക്ക് കത്തയച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മകളുടെ ദുരവസ്ഥ മറ്റാരും നേരിടാതിരിക്കാനാണ് കമ്പനി മേധാവിക്ക് കത്തയച്ചതെന്ന് അന്നയുടെ പിതാവ് പറഞ്ഞിരുന്നു.
കൂടാതെ, അന്ന സെബാസ്റ്റ്യൻ ജോലി ഉപേക്ഷിക്കുന്നതിനോ നാട്ടിലേക്ക് ട്രാൻസ്ഫർ നേടുന്നതിനോ ആലോചിക്കുന്നതായി അവളുടെ സുഹൃത്ത് ആൻമേരി കഴിഞ്ഞ ദിവസം പറഞ്ഞു. സ്‌കൂൾ കാലം മുതൽ അന്നയുടെ സഹപാഠിയായ ആൻമേരി പറഞ്ഞു, മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് വിളിച്ചപ്പോൾ ജോലിയിലെ ബുദ്ധിമുട്ടുകൾ അവൾ തന്നോട് പറഞ്ഞിരുന്നു.