ചലച്ചിത്ര പ്രവർത്തകർക്കെതിരായ പീഡന പരാതി; ആലുവയിലെ നടി നൽകിയ മൊഴികളിൽ ആകെ വൈരുദ്ധ്യമെന്ന് കോടതി... #Crime_News

 


 പീഡന പരാതിയിൽ ആലുവയിലെ നടി നൽകിയ മൊഴികളിൽ ആകെ വൈരുദ്ധ്യമെന്ന് കോടതി. കോൺഗ്രസ് അഭിഭാഷക സംഘടനാ നേതാവായിരുന്ന അഡ്വ. വി.എസ്. ചന്ദ്രശേഖരന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിലാണ് കോടതി പരാമർശം. പീഡനം നടന്നതായി ആരോപിക്കുന്ന സ്ഥലവും സമയവും പലമൊഴികളിലും പലതാണെന്ന് സെഷൻസ് കോടതി നിരീക്ഷിച്ചു.

ആലുവ സ്വദേശിനിയായ നടിയാണ് മുകേഷ് എം.എൽ.എ. ഉൾപ്പെടെ ഏഴുപേർക്കെതിരേ പീഡന പരാതി നൽകിയത്. ഇതിൽ മുകേഷിന് കഴിഞ്ഞ ദിവസം ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പരാതിയിൽ കോൺഗ്രസിന്റെ അഭിഭാഷക സംഘടനാ നേതാവ് കൂടിയായിരുന്ന ചന്ദ്രശേഖരനും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. കോടതിയിൽ അദ്ദേഹത്തിനും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

പരാതിക്കാരിയുടെ മൊഴിയിൽ ചില വൈരുദ്ധ്യങ്ങളുണ്ടെന്നാണ് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നത്. പീഡനത്തിനിരയായ സ്ഥലം സമയം തുടങ്ങിയ കാര്യങ്ങളിൽ ചില വൈരുദ്ധ്യങ്ങൾ കാണുന്നുണ്ട്. കൂടാതെ, ഡോക്ടർക്ക് നൽകിയ മൊഴിയും പരാതിയിൽ പറയുന്ന കാര്യങ്ങളും തമ്മിൽ ചില വൈരുദ്ധ്യങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

ഈ വൈരുദ്ധ്യങ്ങൾ കണക്കിലെടുത്താണ് വി.എസ്. ചന്ദ്രശേഖരന് മുൻകൂർ ജാമ്യം നൽകിയത്. ഇതേകേസിലാണ് മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചത്. ജയസൂര്യ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മണിയൻപിള്ള രാജുവിനെതിരേയും ഈ നടി പരാതി നൽകിയിരുന്നു. എന്നാൽ ഇത് 2015-ന് മുമ്പുള്ളതാണ് എന്ന് കണ്ടെത്തി ജാമ്യാപേക്ഷ തീർപ്പാക്കുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0