'പുതിയ യു​ഗത്തിന്റെ പിറവി'; AI ഫീച്ചറുകളെ ആപ്പിൾ ഇന്റലിജൻസ്‌ ആക്കിയ ടിം കുക്കിന്റെ ബുദ്ധിക്ക് പിന്നിൽ‌ ലക്ഷ്യങ്ങളേറെ... #TECH

 


ഐഫോൺ 16 സിരീസ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. എല്ലാം എഐ മയത്തോടെയാണ് ഐഫോൺ 16 സിരീസ് വിപണിയിലെക്കെത്തിക്കുന്നത്. എന്നാൽ ഐഫോൺ 16 പുറത്തിറക്കുന്നതിന് മുന്നേ ഒരു പുതിയ യുഗത്തിന്റെ പിറവിയെന്നായിരുന്നു സിഇഒ ടിം കുക്ക്‌ വിശേഷിപ്പിച്ചത്. ആപ്പിളിൻറെ സ്വന്തം എഐയായ ‘ആപ്പിൾ ഇൻറലിജൻസ്’ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ആപ്പിളിന്റെ ഉല്പന്നങ്ങളിൽ‌ വരുന്ന എല്ലാ എഐ ഫീച്ചറുകളെയും ‘ആപ്പിൾ ഇന്റലിജൻസ്’ എന്ന പേരിട്ടാണ് കമ്പനി വിളിക്കുന്നത്.

എഐ എന്ന പ്രയോഗം ആപ്പിൾ ബോധപൂർവം ഒഴിവാക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണോ ആപ്പിൾ ഇൻറലിജൻസ് എന്ന സ്വന്തം എഐ പുറത്തിറക്കിയിരിക്കുന്നതെന്ന സംശയങ്ങൾ ഇപ്പോഴും ടെക് ലോകത്തെ ചർച്ച വിഷയമാണ്. ആപ്പിൾ പാടെ എഐ എന്ന വാക്ക് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്നാണ് ടെക് ലോകത്തിന്റെ കണ്ടെത്തൽ. ഉപഭോക്താവിന്റെ താൽപര്യങ്ങളുമായി ഉപകരണത്തെ കൂടുതൽ അടുപ്പിക്കാൻ ലക്ഷ്യമിട്ടാണ് ടിം കുക്കും സംഘവും ആപ്പിൾ ഇന്റലിജൻസിനെ അവതരിപ്പിച്ചിരിക്കുന്നത്. ഐഫോണിന്റെ അടുത്ത തലമുറ ഡിസൈൻ തന്നെ ആപ്പിൾ ഇൻ‌റലിജൻസിലേക്ക് മാറി കഴിഞ്ഞു.

ആപ്പിളിന്റെ സ്വന്തം പ്രൈവറ്റ് ക്ലൗഡ് കംപ്യൂട്ട്(പിസിസി) ആണ് ആപ്പിൾ ഇന്റലിജൻസിനായി ഉപയോ​ഗിച്ചിരിക്കുന്നത്. ആപ്പിൾ ഇന്റലിജൻസ് ഉപയോക്താവിന്റെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. എഐയെ കൂടുതൽ വ്യക്തിപരമായ ഇന്റലിജൻസ് ആക്കി മാറ്റുകയാണ് ആപ്പിൾ ഇൻറലിജൻസിലൂടെ കമ്പനി ലക്ഷ്യം വെക്കുന്നത്. തേർഡ് പാർട്ടി ആപ്പുകൾക്കും ആപ്പിൾ ഇന്റലിജൻസിനെ പ്രയോജനപ്പെടുത്താനാകും. ഇതിന് ആപ്പിളിന്റെ പ്രത്യേക ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റർഫെയ്‌സുകൾ ഉപയോ​ഗപ്പെടുത്തേണ്ടി വരും.

അതേസമയം ഭാവിയിൽ എഐ ഇന്റലിജൻസിന് ഉപഭോക്താക്കൾ പണം നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ആദ്യത്തെ മൂന്ന് വർഷക്കാലം മാത്രമായിരിക്കും ആപ്പിൾ ഇൻറലിജൻസ് സൗജന്യമായി ലഭിക്കുക. പ്രീമിയം സബ്‌സ്ക്രിപ്ഷൻ രീതിയിലേക്ക് ആപ്പിൾ ഇൻറലിജൻസ് മാറാനാണ് സാധ്യത. പെയ്‌ഡ് സർവീസുകളായി മാറുമ്പോൾ സബ്സ്ക്രിപ്ഷൻ ചെയ്യുന്നവർക്ക് പ്രത്യേക എഐ ഫീച്ചറുകൾ ലഭ്യമാകാനും സാധ്യതുണ്ട്.

ഐഫോൺ 16 ആപ്പിൾ ഇന്റലിജൻസ് ഉൾപ്പെടുത്തിയാണ് എത്തിയിരിക്കുന്നത്. ആപ്പിൾ സ്വന്തമായി നിർമ്മിച്ചിരിക്കുന്ന പ്രോസസറാണ് ഐഫോൺ 16പ്രോ നിയന്ത്രിക്കുക. എ18പ്രോ പ്രൊസസറാണ് ഫോണിൽ സജ്ജികരിച്ചിരിക്കുന്നത്. ഇതിൽ ന്യൂറൽ എഞ്ചിനും 6 കോർ ഗ്രാഫിക്‌സ് പ്രൊസസറും ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള സ്മാർട്ട് ഫോണുകളേക്കാൾ കരുത്തേറിയ സിപിയു ആണ് ഐഫോൺ 16പ്രോയിൽ കാണാൻ കഴിയുക. അടിമുടി എഐയിലാണ് ഐഫോൺ 16പ്രോ അവതരിപ്പിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0