ഓൺലൈനിലൂടെ പാർട്ട്‌ടൈം ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ പന്ത്രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വെള്ളൂർ കാറമേലിലെ മുപ്പത്തൊന്നുകാരിയായ വീട്ടമ്മയ്ക്കാണ് അഞ്ച് ദിവസത്തിനുള്ളിൽ 12,55,252 രൂപ നഷ്ടപ്പെട്ടത്.
ജോലിയുമില്ല, പൈസയുമില്ല എന്ന സ്ഥിതി വന്നപ്പോഴാണ് പ്രശ്‌നം പൊലിസെത്തിയത്. പാർട്ട്‌ടൈം ജോലിയിലൂടെ ദിവസേന 1000 മുതൽ 5000 രൂപ വരെ സമ്പാദിക്കാമെന്ന അനുഷമ്മ എന്ന ഇൻസ്റ്റാഗ്രാമിൽ വന്ന പരസ്യത്തിലാണ് വീട്ടമ്മ വീണത്.
പരസ്യത്തിലുണ്ടായിരുന്ന 916207144669 എന്ന വാട്‌സാപ്നമ്പർ വഴി https:t.m-e/monika ലോഗിനിൽ ജോയിൻ ചെയ്തപ്പോൾ ജോലിക്കുള്ള യോഗ്യത തെളിയിക്കുന്ന ടാസ്‌കാണ് ലഭിച്ചത്.
തുടർന്ന് ടാസ്‌കുകൾ ഓരോന്നായി വന്നു. സെപ്റ്റംബർ ആറ് മുതൽ 10 വരേയുള്ള ദിവസങ്ങളിലായാണ് 12,55,252 രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പോയത്. ചതി മനസിലാക്കിയ വീട്ടമ്മ ഒടുവിൽ പരാതിയുമായി പൊലിസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.