കൗമാരക്കാരെ ലക്ഷ്യമിട്ട് യുട്യൂബിൽ ഇൻസ്റ്റഗ്രാമിന്റെ പരസ്യം; മെറ്റ-ഗൂഗിൾ രഹസ്യധാരണ പുറത്ത്... #Technology

 


വീഡിയോ ആപ്ലിക്കേഷനായ യുട്യൂബ് വഴി കൗമാരക്കാരെ ഇന്‍സ്റ്റഗ്രാമിലേക്ക് ആകര്‍ഷിക്കാന്‍ ടെക് ഭീമരായ മെറ്റയും ഗൂഗിളും തമ്മില്‍ രഹസ്യധാരണയുണ്ടാക്കിയെന്ന് 'ഫിനാന്‍ഷ്യല്‍ ടൈംസി'ന്റെ റിപ്പോര്‍ട്ട്. 13-നും 17-നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കളെയാണ് ലക്ഷ്യമിട്ടത്.

ഇതിന്റെ ഭാഗമായി മെറ്റയുടെ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാമിന്റെ പരസ്യങ്ങള്‍ ഗൂഗിള്‍ ആപ്ലിക്കേഷനായ യുട്യൂബിലൂടെ കാണിച്ചു. 18 വയസ്സില്‍ താഴെയുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങള്‍ തടയുമെന്ന സ്വന്തം ഡിജിറ്റല്‍നിയമമാണ് ഇതിലൂടെ ഗൂഗിള്‍ ലംഘിച്ചത്.

2024 ഫെബ്രുവരിയില്‍ കാനഡയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ദൗത്യം ആദ്യം നടപ്പാക്കിയത്. അത് വിജയമായതോടെ മേയില്‍ യു.എസിലും പരീക്ഷിച്ചു. പിന്നീട് മറ്റുരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പാര്‍ക്ക് ഫൗണ്ട്രി എന്ന പരസ്യ ഏജന്‍സിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഇന്‍സ്റ്റഗ്രാമിനൊപ്പം മെറ്റയുടെ മറ്റൊരു സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കിനെയും യുട്യൂബിലൂടെ പരസ്യംചെയ്യാന്‍ ഉദ്ദേശിച്ചിരുന്നു.

ഗൂഗിളിന്റെ വരുമാനത്തില്‍ ഇടിവുണ്ടായ സമയത്താണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ ചൈനീസ് വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിലേക്ക് കൂടുതലായി ചേക്കേറുന്ന പ്രശ്‌നം മെറ്റയും ഈസമയത്ത് അഭിമുഖീകരിച്ചിരുന്നു.

പ്രായപൂര്‍ത്തിയാകാത്തവരിലേക്ക് അവരുടെ പ്രായം, ലിംഗഭേദം മറ്റുതാത്പര്യങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള പരസ്യങ്ങള്‍ തടയാന്‍ ഉദ്ദേശിച്ചുള്ള ചട്ടം 2021-ലാണ് ഗൂഗിള്‍ കൊണ്ടുവന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ രഹസ്യപദ്ധതി ഉപേക്ഷിച്ച ഗൂഗിള്‍, സംഭവത്തില്‍ അന്വേഷണമാരംഭിച്ചെന്ന് പറഞ്ഞു. 18 വയസ്സില്‍ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള വ്യക്തിഗതപരസ്യങ്ങള്‍ തടയാനുള്ള ചട്ടങ്ങള്‍ കര്‍ക്കശമാക്കുമെന്നും നിയമലംഘനം നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0