കർണാടക : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിലെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. അർജുനായുള്ള തിരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്ന് ജിതിൻ പറഞ്ഞു. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചിരുന്നതായി ജിതിൻ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട് ജില്ലാകളക്ടർ, സ്ഥലം എം എം എ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ജിതിൻ പറഞ്ഞു. തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ലെന്നും ജിതിൻ വ്യക്തമാക്കി. അതേസമയം വിഷയം കർണാടക ആഭ്യന്തര മന്ത്രിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. തിരച്ചിൽ പുനരംഭിക്കാൻ കർണാടക സർക്കാറിൽ സമ്മർദം ചെലുത്തിയെന്നും തിരച്ചിൽ വീണ്ടും ഇന്ന് ആരംഭിക്കുമെന്ന് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിനാണ് അർജുനെ കാണാതാകുന്നത്. 13 ദിവസം കരയിലും ഗംഗാവലി പുഴയിലും സൈന്യം ഉൾപ്പെടെയുള്ളവർ അർജുനായി തരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു. പുഴയിലെ ശക്തമായ ഒഴുക്കും ചെളിയും കല്ലും രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതോടെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചിരുന്നത്. പുഴയിലെ ഒഴുക്കും ജലനിപ്പും കുറയുമ്പോൾ തിരച്ചിൽ പുനഃരാരംഭിക്കുമെന്നായിരുന്നു കർണാട സർക്കാർ അറിയിച്ചിരുന്നത്.