'പരാതി നല്‍കിയാല്‍ ഉപജീവനം പ്രതിസന്ധിയിലാകുമോ എന്ന പേടി പലര്‍ക്കുമുണ്ട്'; അമ്മ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ... #Ansiba

സിനിമയിലെ ചൂഷണം ഒറ്റപ്പെട്ട സംഭവമല്ലെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന്‍. പരാതി നല്‍കിയാല്‍ ഉപജീവനം പ്രതിസന്ധിയിലാകുമോ എന്ന പേടി പലര്‍ക്കുമുണ്ടെന്ന് അന്‍സിബ  പറഞ്ഞു. ശ്രീലേഖ മിത്രയ്ക്കുണ്ടായ മോശം അനുഭവം ഏറെ വേദനിപ്പിച്ചു. സിനിമാ മേഖലയില്‍ പവര്‍ ടീമുള്ളതായി തനിക്കറിയില്ലെന്നും അന്‍സിബ പറഞ്ഞു. 
അമ്മയ്ക്കുള്ളില്‍ ഭിന്നതയുള്ളതായി തനിക്കറിയില്ലെന്നാണ് അന്‍സിബ പറയുന്നത്. സിനിമാ മേഖലയില്‍ ലൈംഗിക അതിക്രമം ഒറ്റപ്പെട്ട സംഭവമല്ലെന്ന് പറയുമ്പോള്‍ സിനിമയിലെ എല്ലാവരും മോശക്കാരാണെന്ന് അതിന് അര്‍ത്ഥമില്ലെന്നും അന്‍സിബ കൂട്ടിച്ചേര്‍ത്തു.
അതേസമയം ബംഗാളി നടിയുടെ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. പിന്നാലെ രഞ്ജിത്തിനെതിരെ പ്രതിഷേധം വ്യാപകമായി. പവര്‍ ഗ്രൂപ്പിനുള്ളില്‍ സിപിഐഎമ്മിന് വേണ്ടപ്പെട്ട ആളുകള്‍ ഉണ്ടെന്ന് ഓരോ ദിവസം കഴിയുംതോറും തെളിയുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ നടിയുടേത് ആരോപണം മാത്രമാണെന്നും രേഖാമൂലം പരാതി കിട്ടിയാലേ സര്‍ക്കാരിന് നടപടിയെടുക്കാനാകൂ എന്നുമായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രതികരണം.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0