അതേസമയം, ഇന്ന് രാവിലെ AMMA ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടൻ സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ സംവിധായൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെച്ചിരുന്നു. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്നാണ് ബംഗാളി നടി വെളിപ്പെടുത്തിയിരുന്നത്. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും ശ്രീലേഖ മിത്ര മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചത്. രാജിക്കത്ത് എഎംഎംഎ പ്രസിഡൻ്റ് മോഹൻലാലിന് കൈമാറി കൈമാറി. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ “അമ്മ” യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’, എന്നാണ് രാജിക്കത്തിലെ പരാമർശം. യുവനടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്