ജിയോയ്ക്കും എയർടെല്ലിനും പണി കിട്ടുമോ?; ബി.എസ്.എൻ.എല്ലുമായി സഹകരിക്കാൻ ടാറ്റ... #Tech

 


സ്വകാര്യ ടെലികോം കമ്പനികളുടെ ആധിപത്യത്തിലാണ് ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗം. അതില്‍ അതിശക്തരായി നിലകൊള്ളുന്നത് റിലയന്‍സ് ജിയോയാണ്. അടുത്തിടെയാണ് റിലയന്‍സ് ജിയയോയും, എയര്‍ടെലും വോഡഫോണ്‍ ഐഡിയയും രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ നിരക്കുകള്‍ മാത്രമാണ് ഇപ്പോള്‍ മാറ്റമില്ലാതെ തുടരുന്നത്. ഇക്കാരണത്താല്‍ വലിയൊരു വിഭാഗം ആളുകള്‍ തങ്ങളുടെ നമ്പറുകള്‍ ബിഎസ്എന്‍എലിലേക്ക് പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസസും ബിഎസ്എന്‍എലും തമ്മിലുള്ള 15000 കോടി രൂപയുടെ കരാര്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. രാജ്യത്തുടനീളം 1000 ഗ്രാമങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി എത്തിക്കാന്‍ ഇരു കമ്പനികളും തമ്മില്‍ സഹകരിക്കാനാണ് പദ്ധതി. വര്‍ഷങ്ങളായി 4ജി നെറ്റ് വര്‍ക്ക് വിന്യസിക്കുന്നതിലെ ബിഎസ്എന്‍എലിന്റെ പ്രധാന പങ്കാളിയാണ് ടിസിഎസ്.

നിലവില്‍ ജിയോയും എയര്‍ടെലും മാത്രമാണ് 4ജി രംഗത്ത് ശക്തമായ സാന്നിധ്യമായുള്ളത്. ബിഎസ്എന്‍എല്‍ ഇപ്പോഴും 4ജിയിലേക്ക് മാറിയിട്ടില്ല. ടിസിഎസുമായി ചേര്‍ന്ന് ബിഎസ്എന്‍എലിന്റെ 4ജി വിന്യാസം പൂര്‍ത്തിയായാല്‍ അത് റിലയന്‍സ് ജിയോയ്ക്ക് ശക്തമായ വെല്ലുവിളിയായി മാറും. കാരണം നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് റിലയന്‍സ് ജിയോയാണ്.

12 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് ജിയോ നിരക്കുയര്‍ത്തിയത്. എയര്‍ടെല്‍ 11 ശതമാനം മുതല്‍ 21 ശതമാനം വരെയും വോഡഫോണ്‍ ഐഡിയ 10 ശതമാനം മുതല്‍ 21 ശതമാനം വരെയും നിരക്ക് വര്‍ധിപ്പിച്ചു. വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്. 4ജി ഇല്ലെങ്കിലും ബിഎസ്എന്‍എല്‍ പ്ലാനുകളാണ് ഇതിനും ലാഭകരമെന്ന രീതിയില്‍ പ്രചാരണം ശക്തമാണ്.

വര്‍ഷങ്ങളായി 4ജി സാങ്കേതിക വിദ്യാ വിന്യസിക്കുന്നതിലെ ബിഎസ്എന്‍എലിന്റെ പങ്കാളിയാണ് ടിസിഎസ്. തദ്ദേശീയമായി വികസിപ്പിച്ച 4ജി നെറ്റ് വര്‍ക്ക് സാങ്കേതിക വിദ്യകളാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുക. ടിസിഎസ്, സി-ഡോട്ട് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 2022-ല്‍ തന്നെ ബിഎസ്എന്‍എല്‍ 4ജി യാഥാര്‍ത്ഥ്യമാവുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും വൈകുകയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0