ഹിപ്നോട്ടിസം പരീക്ഷിച്ച 4 സ്കൂൾ വിദ്യാർഥികൾ ബോധരഹിതരായി. പ്രദേശത്തെ
ഒരു സ്കൂളിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. യൂ ട്യൂബ്
വിഡിയോയിൽ നിന്നു മനസ്സിലാക്കിയ പാഠങ്ങൾ പരീക്ഷിച്ച 10–ാം ക്ലാസ്
വിദ്യാർഥികളാണു പ്രശ്നത്തിലായത്. ആദ്യം 2 പെൺകുട്ടികളും ഒരു ആൺകുട്ടിയും
ബോധരഹിതരായി. വെള്ളം തളിച്ച് ഉണർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് അധ്യാപകരും പിടിഎ ഭാരവാഹികളും ചേർന്നു താലൂക്ക് ആശുപത്രിയിൽ
എത്തിച്ചു. പ്രാഥമിക ചികിത്സ നൽകുന്നതിനിടെ 3 പേർക്കും ബോധം തെളിഞ്ഞു.
ഇസിജി പരിശോധനയിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല.
ഇവരെ തിരികെ സ്കൂളിൽ എത്തിച്ചപ്പോഴേക്ക് മറ്റൊരു പെൺകുട്ടി കൂടി ബോധരഹിതയായി. ഈ കുട്ടി തനിച്ചാണത്രേ ഹിപ്നോട്ടിസം പരീക്ഷിച്ചത്. ആദ്യം താലൂക്ക് ആശുപത്രിയിലും വിദഗ്ധ പരിശോധനയ്ക്ക് എ.ആർ.മെഡിക്കൽ സെന്ററിലും എത്തിച്ചു. വൈകിട്ടോടെ കുട്ടികൾ സാധാരണ നിലയിലായി. സ്കൂളിലെ 10–ാം ക്ലാസ് വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗം നാളെ ചേരും.
∙ ‘ഹിപ്നോട്ടിസത്തിൽ വൈദഗ്ധ്യം ഇല്ലാത്തവർ ചെയ്താൽ അബോധാവസ്ഥയിലാകാൻ
സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ തിരികെ ബോധാവസ്ഥയിലേക്ക് കൊണ്ടുവരാൻ
സാധിക്കണം. ഇല്ലെങ്കിൽ അപകടം സംഭവിക്കാം. രക്ഷിതാക്കൾ കൂടുതൽ
ശ്രദ്ധിക്കണം.’ - ഡോ.അബ്ദുൽ മജീദ്, ശിശുരോഗ വിഭാഗം മേധാവി, എ.ആർ. മെഡിക്കൽ
സെന്റർ, കൊടുങ്ങല്ലൂർ