ചെളിവെള്ളത്തിൽ മണിക്കൂറുകളോളം, ഭക്ഷണംപോലും കഴിക്കാതെ; ഇരുണ്ട തുരങ്കത്തിൽ 'ജീവന്റെ കണിക തേടുന്നവർ'... #Kerala_News

 


 ഇരുണ്ട തുരങ്കത്തിനിടയിൽ എവിടെയെങ്കിലും ജീവന്റെ അനക്കവുമായി ജോയി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് 22 പേരടങ്ങിയ അഗ്നിരക്ഷാസേനയുടെ സ്കൂബാ സേന. കാലുകുത്താൻപോലും മടിക്കുന്ന മാലിന്യംനിറഞ്ഞ ചെളിവെള്ളത്തിൽ അവർ മണിക്കൂറുകളോളം പരതി. പലരും ഭക്ഷണം കഴിച്ചതുപോലും മറ്റാരൊക്കെയോ വാരി വായിൽ വെച്ചുകൊടുത്തപ്പോഴാണ്. ആ 22 പേരിലായിരുന്നു അവിടെ കൂടിനിന്നവരുടെയെല്ലാം പ്രതീക്ഷ.

ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളിയെ ഒഴുക്കിൽപ്പെട്ട് കാണാതായ വിവരം അറിഞ്ഞ ഉടനെത്തന്നെ രക്ഷാപ്രവർത്തനത്തിന് അഗ്നി രക്ഷാസേന എത്തിയിരുന്നു. സംഘത്തിൽ ഒൻപത് സ്കൂബാ അംഗങ്ങളാണുണ്ടായിരുന്നത്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുകൂടി സ്കൂബാ ടീമംഗങ്ങൾ എത്തി.

പവർ ഹൗസ് മുതൽ കോഫി ഹൗസ് വരെയുള്ള ഭാഗത്തെ തിരച്ചിൽ അതീവദുഷ്കരമായിരുന്നു. എന്നിട്ടും ദുർഗന്ധം നിറഞ്ഞ ഓടയ്ക്കുള്ളിലേക്ക് ഒരു മടിയുംകൂടാതെ അവരിറങ്ങി. റെയിൽവേ സ്റ്റേഷനുള്ളിലെ മാൻ ഹോളുകളിൽ ഉൾപ്പെടെ പലയിടത്തും ഒരാൾ പൊക്കത്തിലായിരുന്നു മാലിന്യം. ഉള്ളിലേക്കു പോകാൻ കഴിയാത്ത സ്ഥിതി. എന്നിട്ടും സ്വന്തം ജീവൻപോലും വകവെക്കാതെയാണ് അവർ ജോയിക്കുവേണ്ടിയുള്ള ദൗത്യത്തിലേർപ്പെട്ടത്.

കെ.യു. സുഭാഷാണ് ടീമിന് നേതൃത്വം നൽകിയത്. സുജയൻ, എസ്.പി. സജി, അനു, സന്തോഷ് കുമാർ, ദിനുമോൻ, പ്രദോഷ്, ഷഹീർ, ദീപക്, വിജേഷ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്കൂബാ ടീമിനെക്കൂടാതെ നൂറിലധികം അഗ്നിരക്ഷാസേനാംഗങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. ടെക്‌നിക്കൽ ഡയറക്ടർ നൗഷാദാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0