അർജുന്റെ രക്ഷാദൗത്യത്തിൽ ഇടപെട്ട് പ്രധാനമന്ത്രി; സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് നിർദേശം... #Arju

കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ രക്ഷാദൗത്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ. സംഭവസ്ഥലത്തേക്ക് തിരിക്കാൻ സൈന്യത്തിന് പ്രധാനമന്ത്രി നിർദേശം നൽകി. സൈന്യത്തിന് നിർദേശം നൽകിയതായി പ്രധാനമന്ത്രി തന്നെ അറിയിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു.

രാവിലെ 11ഓടെ സൈന്യം സ്ഥലത്ത് എത്തും. കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്തുള്ള രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. ഉച്ചയ്ക്കുശേഷം 2.30ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തും. രക്ഷാപ്രവര്‍ത്തകനായ മലയാളി രഞ്ജിത്ത് ഇസ്രായേല്‍ ഉള്‍പ്പെടെ സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. അതേസമയം, ഷിരൂരില്‍ ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി മാറുന്നുണ്ട്.

രക്ഷാദൗത്യം കൂടുതല്‍ വേഗത്തിലാക്കാൻ ബെലഗാവി ക്യാമ്പിൽ നിന്നുളള 40 പേരടങ്ങുന്ന സൈനിക സംഘമായിരിക്കും ഇന്ന് ഷിരൂരിലെത്തുക. അര്‍ജുന്‍റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്തെ മണ്ണ് നീക്കുന്ന പ്രവൃത്തിയാണിപ്പോള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നത്. റഡാറിൽ ലോഹഭാഗം കണ്ടെത്തിയ സ്ഥലത്തെ മണ്ണ് ആഴത്തില്‍ നീക്കം ചെയ്യുകയാണിപ്പോള്‍. ഒരു മണിക്കൂറിനുള്ളിൽ അര്‍ജുന്‍റെ ലോറിക്കടുത്തേക്ക് എത്താൻ ശ്രമിക്കുകയാണെന്ന് അംഗോള എംഎല്‍എ സതീഷ് പറഞ്ഞു.

അതേസമയം തെരച്ചലിന് ഐഎസ്ആര്‍ഒയുടെ സഹായവും തേടിയിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ലോറിയുള്ള സ്ഥലം കണ്ടെത്താനുള്ള സാധ്യത ഉള്‍പ്പെടെയാണ് തേടുന്നത്. മണ്ണിടിഞ്ഞ സ്ഥലത്ത് ആറു മീറ്റര്‍ താഴെ ലോഹഭാഗത്തിന്‍റെ സാന്നിധ്യം ഇന്നലെ റഡാറില്‍ പതി‌ഞ്ഞിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചുള്ള തെരച്ചിലാണ് ഇന്ന് രാവിലെ പുനരാരംഭിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0