മുക്കം വലിയപറമ്പിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദ്ദീൻ ആണ് മരിച്ചത്. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കം വലിയപറമ്പിൽ ശനിയാഴ്ച രാത്രി 10:30-ഓടെയായിരുന്നു അപകടം.
റോഡ് മുറിച്ചു കടക്കുന്നതിനിടെ മുക്കം ഭാഗത്തുനിന്നും വന്ന കാർ ഇദ്ദേഹത്തെ ഇടിച്ചിടുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു കാർ താജുദീന്റെ ദേഹത്ത് കൂടെ കയറിയിറങ്ങി. എന്നാൽ, ഈ രണ്ട് കാറുകളും നിർത്തിയില്ല. അപകടത്തിൽപ്പെട്ട താജുദീനെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.