മാസങ്ങളായി കിലോയ്ക്ക് 150 രൂപയിൽ താഴെ നിന്ന റബർ വില പുതുവർഷത്തോടെ ഉയർന്ന് തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് കർഷകർ. ആർ.എസ്.എസ് ഫോർ കിലോയ്ക്ക് നാലു രൂപയും ഫൈവിന് മൂന്നു രൂപയും കൂടി. അന്താരാഷ്ട്ര റബർവില ഉയർന്നതോടെ ടയർ കമ്പനികൾ വില ഉയർത്താൻ നിർബന്ധിതരായതാണ് ഇന്ത്യൻ വിപണിയിലെ കുതിപ്പിന് കാരണം.
ചൈനയിൽ അവധി വില 164 രൂപ വരെ ഉയർന്നു. ജപ്പാനിലും റബറിന് ഡിമാൻഡ് കൂടി വില ഉയർന്ന് തുടങ്ങി. ലോക വിപണിയിലെ വിലവർദ്ധന ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുമെന്നാണ് സൂചന. ഒട്ടുപാൽ (80 ശതമാനം ഡി.ആർ.സി ) 101 രൂപയിൽ എത്തി. 60 ശതമാനം ഡി.ആർ.സി 110 കടന്നു. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന ടയർ ലോബി റബർ വില എങ്ങനെയും ഉയർത്താതിരിക്കാനാണ് നോക്കുന്നത്. ആഭ്യന്തര വില ഉയരാതിരിക്കാൻ ഒന്നോ രണ്ടോ രൂപ കൂട്ടി കൂടുതൽ ചരക്ക് വാങ്ങി വിപണി ഇടപെടൽ ശക്തമാക്കുന്ന കളിയാണ് നടത്തുന്നത്.