ബാത്ത്‌റൂമിനുള്ളിൽ വിഷവായു ശ്വസിച്ച് 15 വയസുള്ള പെൺകുട്ടിയുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം... #Obituary

 


പുതുച്ചേരിയിൽ വിഷവായു ശ്വസിച്ച് മൂന്ന് മരണം. ബാത്ത്‌റൂമിനുള്ളിൽ വിഷവായു ശ്വസിച്ചാണ് മൂന്ന് മരണം നടന്നത്. അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന പുതുച്ചേരി റെഡ്ഡിപാളയത്താണ് സംഭവം. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവായു പുറത്തേക്ക് വന്നത്. രണ്ട് സ്‌ത്രീകളും 15 വയസുള്ള പെൺകുട്ടിയുമാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച രണ്ടുപേർ ഇപ്പോൾ ചികിത്സയിലാണ്. ഇന്ന് രാവിലെ 72 വയസുള്ള സ്‌ത്രീ കുഴഞ്ഞുവീണു. പിന്നാലെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ അവരുടെ മകൾ കാമാക്ഷിയും വിഷബാധ ശ്വസിച്ച് അബോധാവസ്ഥയിലായി.

തുടർന്ന് ശബ്‌ദം കേട്ട് വീടിന് പുറത്തുണ്ടായിരുന്ന പെൺകുട്ടിയും ഓടിയെത്തി. കുഴഞ്ഞുവീണ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചിരുന്നു. റെഡ്ഡിപാളയം, പുതുനഗർ മേഖലകളിലെ മുഴുവൻ മാൻഹോളുകളും തുറന്ന് പരിശോധിക്കുകയാണ്. പ്രദേശത്ത് കനത്ത ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രദേശത്ത് നിന്നും വൃദ്ധരായ ആളുകളെയെല്ലാം ഒഴിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് ഉടൻതന്നെ മെഡിക്കൽ ക്യാമ്പ് സജ്ജീകരിച്ച് എല്ലാവർക്കും ചികിത്സ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

MALAYORAM NEWS is licensed under CC BY 4.0