ജൂൺ ഒന്ന് മുതല്‍ ജനജീവിതത്തിന് പുതിയ മാറ്റങ്ങള്‍... #Kerala_News
ജൂണ്‍ ഒന്ന് രാജ്യത്ത് നിരവധി നിയമങ്ങള്‍ മാറാൻ പോവുകയാണ്. ഈ മാറ്റങ്ങളില്‍ ദൈനംദിന ജീവിതത്തെ ബാധിക്കുന്നവയുമുണ്ട്, അത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. ജൂണ്‍ ഒന്ന് മുതല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുന്ന ചില പ്രധാന നിയമങ്ങളുടെ മാറ്റങ്ങള്‍ ഇതാ.

സ്വകാര്യ കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് ടെസ്റ്റ്


ജൂണ്‍ ഒന്ന് മുതല്‍ പുതിയ ഗതാഗത നിയമങ്ങള്‍ നടപ്പാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പുതിയ നിയമം അനുസരിച്ച്‌ അംഗീകൃത സ്വകാര്യ പരിശീലന കേന്ദ്രങ്ങളില്‍ വ്യക്തികള്‍ക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താം. മുമ്പ്, സർക്കാർ റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസുകള്‍ (RTO) വഴിയാണ് ടെസ്റ്റ് നടത്തിയിരുന്നത്. ഇനി സർക്കാർ അനുമതിയുള്ള സ്വകാര്യ കേന്ദ്രങ്ങള്‍ക്ക് ടെസ്റ്റ് നടത്താനും ഡ്രൈവിംഗ് ലൈസൻസ് നല്‍കാനും അധികാരം നല്‍കും.

ഗതാഗത നിയമലംഘനത്തിന് കടുത്ത പിഴകള്‍


മലിനീകരണം കുറയ്ക്കുന്നതിനായി ഏകദേശം ഒൻപത് ലക്ഷം പഴയ സർക്കാർ വാഹനങ്ങള്‍ ഒഴിവാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. കൂടാതെ, കർശനമായ വാഹന പുക പരിശോധന മാനദണ്ഡങ്ങള്‍ നടപ്പിലാക്കും. ഗതാഗത നിയമലംഘനത്തിന് കടുത്ത പിഴകളും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ 25,000 രൂപ പിഴ ചുമത്തും. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും. 25 വയസ് ആകുന്നതുവരെ ലൈസൻസിന് അപേക്ഷിക്കാനുമാകില്ല.


ആധാർ കാർഡ്


ആധാർ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസരം ജൂണ്‍ 14 വരെ നീട്ടിയിട്ടുണ്ട്. ഈ സൗജന്യ സേവനം ഓണ്‍ലൈനില്‍ മാത്രമാണ് ലഭ്യമാകുന്നത്. നിങ്ങളുടെ പേര്, വിലാസം തുടങ്ങിയ വിവരങ്ങള്‍ തിരുത്താൻ ഈ അവസരം ഉപയോഗിക്കാം. 10 വർഷത്തിലേറെയായി നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍, ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്തുക. ആധാർ കേന്ദ്രത്തില്‍ ചെയ്യുകയാണെങ്കില്‍, നിശ്ചിത ഫീസ് നല്‍കേണ്ടിവരും.

എല്‍പിജി സിലിണ്ടർ വില


എല്‍പിജി സിലിണ്ടർ വില സാധാരണയായി ഓരോ മാസത്തിലെയും ഒന്നാം തീയതി പരിഷ്കരിക്കുന്നു. മെയ് മാസത്തില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. ഈ മാസവും വാണിജ്യ വാതക സിലിണ്ടറുകളുടെ വില കുറച്ചേക്കുമെന്നാണ് സൂചന.

ബാങ്ക് അവധി


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറപ്പെടുവിച്ച ബാങ്ക് അവധികളുടെ പട്ടിക പ്രകാരം ജൂണ്‍ മാസത്തില്‍ 10 ദിവസത്തേക്ക് ബാങ്കുകള്‍ അടച്ചിടും. ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ഈദുല്‍ അള്ഹ അടക്കമുള്ള അവധികളുമുണ്ട്. എന്നിരുന്നാലും ചില അവധി ദിവസങ്ങള്‍ ചില സംസ്ഥാനങ്ങള്‍ക്കോ പ്രദേശങ്ങള്‍ക്കോ മാത്രമുള്ളതാണ് എന്ന കാര്യം ശ്രദ്ധിക്കുകMALAYORAM NEWS is licensed under CC BY 4.0