ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാല പിടിച്ചുപറിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കലഞ്ഞൂർ കഞ്ചോട് ഭാഗത്ത് തങ്കമ്മയുടെ(78) വീട്ടിലാണ് വെള്ളിയാഴ്ച രാത്രി അതിക്രമിച്ച് കയറി ഒന്നര പവൻ തൂക്കമുള്ള സ്വർണമാല കവർന്നത്. ഇതുമായി ബന്ധപ്പെട്ട് കലഞ്ഞൂർ പുത്തൻവീട്ടിൽ അനൂപ്(22), ചെളിക്കുഴി കുന്നിട നെല്ലിവിളയിൽ ഗോകുൽകുമാർ(28) എന്നിവരെയാണ് കൂടൽ പോലീസ് അറസ്റ്റ് ചെയ്തത്.
ശക്തമായ മഴ പെയ്ത സമയത്ത് വെള്ളിയാഴ്ച രാത്രി 11.30-ന് വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയ പ്രതികൾ വയോധികയെ ഭീഷണിപ്പെടുത്തിയാണ് മാല കവർന്നത്. മോഷണം നടന്നതുമുതൽ കോന്നി ഡിവൈ.എസ്.പി. നിയാസ്, കൂടൽ എസ്.എച്ച്.ഒ. എം.ജെ. അരുൺ എന്നിവരുടെ മേൽനോട്ടത്തിൽ കൂടൽ എസ്.ഐ. ഷെമിമോളുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചാണ് അന്വേഷണം നടത്തിയത്.പ്രതിയായ അനൂപിനെതിരേ വിവിധ മോഷണക്കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികളിലേക്ക് നീങ്ങുമ്പോഴാണ് ഈ മോഷണക്കേസിൽ അറസ്റ്റിലാകുന്നത്. എസ്.ഐ. ചന്ദ്രമോഹൻ, അജികർമ, എ.എസ്.ഐ. വാസുദേവക്കുറുപ്പ്, വിൻസെന്റ് സുനിൽ, ഷാജഹാൻ, സുനിൽ, ഗോപകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.