കിടപ്പുരോഗിയെ പരിചരിക്കാനെത്തിയ വീട്ടിൽനിന്ന് രണ്ട് പവൻ സ്വർണാഭരണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് കൊടുമ്പ് സ്വദേശിനി മഹേശ്വരി (42) ആണ് അത്തോളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മേയ് 27നാണ് ഉള്ള്യേരി 19ലെ ചീർക്കോളി രാഘവൻ നായരുടെ വീട്ടിൽനിന്ന് പ്രതി സ്വർണം മോഷ്ടിച്ചത്.
രാഘവൻ നായരുടെ ഭാര്യയുടെ മുടി ഡൈ ചെയ്തുകൊടുക്കുന്ന സമയത്ത് മാലയുടെ നിറം മങ്ങുമെന്നു പറഞ്ഞ് അഴിപ്പിക്കുകയായിരുന്നു. പിന്നീട് കൊയിലാണ്ടിയിൽ പോയ മഹേശ്വരി തിരിച്ചുവരാതായതോടെയാണ് മോഷണവിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രതിക്കെതിരെ പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിലായി എട്ടോളം സമാന കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. ഫാസില, ബീവി, തങ്കം തുടങ്ങിയ വ്യാജ പേരുകളിൽ ഹോംനഴ്സായി എത്തിയാണ് ഇവർ മോഷണം നടത്താറുള്ളത്.
സൈബർ സെല്ലിന്റെ സഹായത്തോടെ സി.ഐ അനൂപ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുരേഷ് കുമാർ, ധന്യ, ഹരിദാസൻ, ഷിജു, പ്രസാദ്, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.