കാറിൽ നീന്തൽക്കുളം; ശിക്ഷയുടെ ഭാഗമായി ആശുപത്രിയില്‍ സന്നദ്ധ സേവനം നടത്തി സഞ്ജു... #Sanju_Techy

 


കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ യാത്ര ചെയ്ത വ്ലോഗർ ടി.എസ്.സഞ്ജു (28) മോട്ടർ വാഹന വകുപ്പിന്റെ ശിക്ഷ നടപടികളുടെ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്നദ്ധ സേവനം തുടങ്ങി. ഇന്നലെ മുതൽ 15 ദിവസം സേവനം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ നിർദേശിച്ചത്. ശിക്ഷാ നടപടികളുടെ ഭാഗമായി മലപ്പുറം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ സഞ്ജു പരിശീലനവും പൂർത്തിയാക്കിയിരുന്നു.


ഇന്നലെ സഞ്ജു എൻഫോഴ്സ്മെന്റ് ആർടിഒ മുൻപാകെ ഹാജരായെങ്കിലും മോട്ടർ വാഹന വകുപ്പ് നൽകിയ നോട്ടിസിനു മറുപടി നൽകിയില്ല. സഞ്ജു സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോകളിലെ നിയമലംഘനങ്ങൾ ഉണ്ടെന്നും അതിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടാണു നോട്ടിസ് നൽകിയത്. എന്നാൽ തനിക്ക് അഭിഭാഷകന്റെ സഹായം വേണമെന്നും കൂടുതൽ സമയം അനുവദിക്കണമെന്നും സഞ്ജു ആർടിഒയെ അറിയിച്ചു. ഇതോടെ നാളെ വരെ സമയം നൽകി. തുടർച്ചയായി നിയമലംഘനം നടത്തുന്നതിനാൽ സജുവിന്റെ ലൈസൻസ് റദ്ദാക്കാനാണു മോട്ടർ വാഹന വകുപ്പിന്റെ നീക്കം.

നീന്തൽക്കുളം ഒരുക്കിയ കാറിന്റെ റജിസ്ട്രേഷൻ റദ്ദാക്കുന്നതിന്റെ ഭാഗമായി ഇന്നു സഞ്ജു ആലപ്പുഴ ആർടിഒ എ.കെ.ദിലുവിനു മുൻപിൽ ഹാജരായേക്കും. എൻഫോഴ്സ്മെന്റ് ആർടിഒ നൽകിയ ശുപാർശയിലാണു വാഹനത്തിന്റെ റജിസ്ട്രേഷൻ അതോറിറ്റിയായ ആലപ്പുഴ ആർടിഒ റജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയത്.നിയമലംഘനങ്ങൾ നടത്തി അതു പ്രചരിപ്പിക്കുന്നതു തടയണമെന്നും ഇത്തരം വിഡിയോകൾ പ്രസിദ്ധീകരിക്കരുതെന്നും യുട്യൂബിനോടു നിർദേശിക്കുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ ആർ.രമണൻ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0