സ്വപ്ന കൊലക്കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി എട്ട് വർഷത്തിന് ശേഷം പിടിയിൽ... #Crime_News

 


 കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി എട്ട് വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍. 2011-ല്‍ കതൃക്കടവിലെ ലോഡ്ജില്‍വെച്ച് ആന്ധ്ര സ്വദേശിനിയായ സ്വപ്നയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ബിജു (44) ആണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. എറണാകുളം കമ്മട്ടിപ്പാടത്തെ വാടകവീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്.

ലൈംഗിക തൊഴിലാളിയായിരുന്ന സ്വപ്നയെ കതൃക്കടവിലുള്ള ലോഡ്ജില്‍വെച്ച് കഴുത്തില്‍ ഷാള്‍ കുരുക്കിയാണ് പ്രതി കൊലപ്പെടുത്തിയത്. കേസില്‍ 2017-ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതിയെ കണ്ടെത്താന്‍ പോലീസ് ദീര്‍ഘകാലമായി പരിശ്രമിക്കുകയായിരുന്നു.

എറണാകുളം നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രതാപചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പ്രതിക്കായുള്ള അന്വേഷണം നടന്നത്.

പാചകക്കാരനായി ഒളിവുജീവിതം

പ്രതി പാചകക്കാരനായി തമിഴ്നാട്, ആന്ധ്ര, ബിഹാര്‍, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. നാലുവര്‍ഷം മുന്‍പ് കേരളത്തില്‍ തിരിച്ചെത്തിയ ബിജു ആള്‍മാറാട്ടം നടത്തി പാചകക്കാരനായിത്തന്നെ ഇവിടെയും ജോലിനോക്കിവരുകയായിരുന്നു.

പോലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നതിനാല്‍ വീട്ടുകാരുമായി ഇയാള്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നില്ല. അച്ഛനും സഹോദരന്റെ രണ്ടുമക്കളും മരിച്ചപ്പോള്‍ പോലും ഇയാള്‍ വീട്ടില്‍ എത്തിയില്ല. എന്നാല്‍ വീട്ടുകാരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ബിജുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചത്.

ലൈംഗിക തൊഴിലാളി കൊല ചെയ്യപ്പെടുന്നതും കേസന്വേഷണവും ദുരൂഹതയും പ്രമേയമായി 2023-ല്‍ പുറത്തിറങ്ങിയ കേരള ക്രൈംഫയല്‍സ് എന്ന വെബ്‌സീരീസ് സ്വപ്ന കൊലക്കേസ് സംബന്ധിച്ചുള്ളതായിരുന്നു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0