ഇന്ത്യയിൽ നിന്ന് ഈ വർഷം വിദേശത്തേക്ക് കുടിയേറാനിരിക്കുന്നത് 4300 കോടീശ്വരന്മാർ... #Migration

 


ഈ വർഷം ഇന്ത്യയിൽ നിന്ന് 4300 കോടീശ്വരന്മാർ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോർട്ട്. ഏറ്റവുമധികം കോടീശ്വരന്മാർ കുടിയേറാൻ ആഗ്രഹിക്കുന്നത് യുഎഇയിലേക്കാണ്. ഈ കോടീശ്വരന്മാരുടെ നാടുവിടലിന് കാരണം എന്തെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം.

2024ൽ ഇന്ത്യയിൽ നിന്ന് 4300 കോടീശ്വരന്മാർ വിദേശരാജ്യങ്ങളിലേക്ക് കുടിയേറുമെന്നാണ് അന്താരാഷ്ട്ര ഇൻവെസ്റ്റ്‌മെന്റ് മൈഗ്രേഷൻ അഡ്വൈസറി സ്ഥാപനമായ ഹെൻലി ആന്റ് പാർട്‌നേഴ്‌സിന്റെ റിപ്പോർട്ട്. നാടുവിടുന്ന കോടീശ്വരന്മാരുടെ കാര്യത്തിൽ ചൈനയ്ക്കും ബ്രിട്ടനും പിന്നിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ലോകവ്യാപകമായി 1,28,000 കോടീശ്വരന്മാർ ഈ വർഷം സ്വന്തം രാജ്യംവിട്ട് മറ്റുരാജ്യങ്ങളിലേക്ക് കുടിയേറുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ചൈനയിൽ നിന്ന് 15,200 കോടീശ്വരന്മാരും ബ്രിട്ടനിൽ നിന്ന് 9500 കോടീശ്വരന്മാരും നാടുവിടും.

യുഎഇയിലേക്കാണ് ഏറ്റവുമധികം കോടീശ്വരന്മാർ കുടിയേറുന്നത്. ഇന്ത്യക്കാരായ കോടീശ്വരന്മാർക്കും താൽപര്യം യുഎഇയോടാണ്. 6700 കോടീശ്വരന്മാരാണ് ഈ വർഷം യുഎഇയിലേക്ക് താമസംമാറുന്നത്. ആദായനികുതി ഇല്ലാത്തതും ഗോൾഡൻ വിസയും ആഡംബര ജീവിതശൈലിയുമൊക്കെയാണ് യുഎഇ പ്രണയത്തിന് പിന്നിൽ. രണ്ടാംസ്ഥാനത്ത് അമേരിക്കയാണ്. 3800 കോടീശ്വരന്മാർ അമേരിക്കയിലേക്ക് താമസംമാറും. 3500 കോടീശ്വരന്മാരുടെ വരവ് പ്രതീക്ഷിക്കുന്ന സിംഗപ്പൂരാണ് മൂന്നാംസ്ഥാനത്ത്. നാലും അഞ്ചും സ്ഥാനത്ത് കാനഡയും ഓസ്‌ട്രേലിയയുമാണ്. കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, സുരക്ഷിതത്വം, സാമ്പത്തികഭദ്രത, നികുതിയിളവ്, കൂടുതൽ ബിസിനസ് അവസരങ്ങൾ എന്നിവയൊക്കയാണ് വിദേശ രാജ്യങ്ങളിലേക്കുള്ള കോടീശ്വരന്മാരുടെ കുടിയേറ്റത്തിനുള്ള പ്രധാന കാരണങ്ങൾ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0