ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 64 കോടി ജനങ്ങൾ വോട്ട് ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞു. ഏഴ് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പ് സമാധാനപരമായാണ് പൂർത്തിയാക്കിയത്.
പ്രചാരകരെ നിയന്ത്രിക്കാൻ പാർട്ടികൾക്ക് നിർദ്ദേശം നൽകിയതായും മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിച്ച 495 പരാതികളിൽ 90 ശതമാനവും പരിഹരിച്ചതായും കമ്മീഷണർ വ്യക്തമാക്കി. വോട്ടെണ്ണലിന് മുന്നോടിയായി ഡൽഹിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രമുഖ നേതാക്കൾക്കെതിരെയും കേസെടുത്തു. പരാതികളിൽ നോട്ടീസ് നൽകി. ആരോടും പക്ഷപാതം കാണിച്ചില്ല. പദവി പരിഗണിക്കാതെയാണ് നടപടി സ്വീകരിച്ചത്. വ്യാജവാർത്തകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും രാജീവ് കുമാർ വ്യക്തമാക്കി.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചരിത്ര യാത്രയാണെന്നും അദ്ദേഹം പറഞ്ഞു. ആകെ വോട്ട് ചെയ്ത 64.2 കോടി ജനങ്ങളിൽ 31.2 കോടി സ്ത്രീകളാണ്. വനിതാ വോട്ടർമാരുടെ പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിക്കുകയും പോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒന്നര കോടി ജനങ്ങളുടെ പങ്കാളിത്തത്തെ അഭിനന്ദിക്കുകയും ചെയ്തു.
വോട്ടെണ്ണലിൻ്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം 10.5 ലക്ഷം വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുണ്ടാകും. നിരീക്ഷകരുടെ പൂർണ സാന്നിധ്യമുണ്ടാകും. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മൂന്ന് തലത്തിലുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.